അന്വേഷണത്തിൽ നിർണായകം: റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്താം; ആർഡിഒ അനുമതി നൽകി

0
306

കോഴിക്കോട്: ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്മോർട്ടം നടത്താൻ ആർഡിഒയുടെ അനുമതി ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്‌റഫ് ആര്‍ഡിഒക്ക് മുമ്പാകെ നൽകിയ അപേക്ഷയ്ക്കാണ് അനുമതി ലഭിച്ചത്. ദുബായില്‍ വെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മരണത്തില്‍ ദുരൂഹതയാരോപിച്ച് റിഫയുടെ കുടുംബം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ശാരീരികവും മാനസികവുമായ പീഡനം റിഫയുടെ മരണത്തിന് കാരണമായെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

മാര്‍ച്ച് 1-ാം തിയ്യതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here