സാമൂഹിക മാധ്യമ പോസ്റ്റിനെച്ചൊല്ലി സംഘര്‍ഷം; കര്‍ണാടകയില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു

0
235

ഹൂബ്ലി: കര്‍ണാടകയിലെ ധര്‍വാദ് ജില്ലയിലുള്ള പഴയ ഹൂബ്ലി പോലീസ് സ്‌റ്റേഷന് നേരെ ആള്‍ക്കൂട്ടം കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് 40 ഓളം പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയോടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ 12 പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസ് വാഹനങ്ങളും ജനക്കൂട്ടം തകര്‍ത്തതായി അധികൃതര്‍ പറഞ്ഞു.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമത്തെ തുടര്‍ന്ന് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ആറ് കേസുകള്‍ രജിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഹൂബ്ലി പോലീസ് കമ്മീഷണര്‍ ലാഭു റാം പറഞ്ഞു. മുസ്ലിം സമുദായത്തിനെതിരെ സാമൂഹിക മാധ്യമത്തില്‍ ഒരാള്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വിദ്വേഷകരമായ ഈ പോസ്റ്റിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും പോസ്റ്റിട്ട ആളെ അറസ്റ്റ് ചെയ്യുകയുമുണ്ടായെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു.

‘എന്നാല്‍ പോലീസ് നടപടിയില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി അര്‍ധരാത്രിയോടെ പോലീസ് സ്‌റ്റേഷന് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു’ ലാഭു റാം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തെ സംഘടിത ആക്രമണമെന്ന് വിശേഷിപ്പിച്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇത്തരം സംഭവങ്ങള്‍ സംസ്ഥാനം വെച്ചുപൊറുപ്പിക്കില്ലെന്നും പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ തിരിച്ചറിയാമെന്നും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here