വേനൽച്ചൂട് അതികഠിനം: വെന്തുരുകി കേരളവും, എട്ട് ജില്ലകളിൽ താപനില 35 കടന്നു

0
237

തിരുവനന്തപുരം: സംസ്ഥാനത്തും ചൂട് കനക്കുന്നു. എട്ട് ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നതോടെ കേരളവും വെന്തുരുകുന്ന നിലയിലാണ്. അതേസമയം ഉത്തരേന്ത്യക്ക് സമാനമായ ഉഷ്ണതരംഗത്തിലേക്ക് സംസ്ഥാനം ഇത്തവണ വീഴില്ലെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. അന്തരീക്ഷ ഈർപ്പം ഉയർന്നതാണ് മലയാളിയുടെ രാത്രികളെ ഉഷ്ണത്തിൽ പൊള്ളിക്കുന്നത്.

കേരളം 2016ലാണ് കൊടും ചൂടിലേക്ക് വീണത്. അന്ന് മുതൽ സൂര്യാഘാതം നിത്യസംഭവമായി. 41 ഡിഗ്രിക്ക് മുകളിലെ ചൂടിൽ ചില ജില്ലകൾ അന്ന് പൊള്ളി. ഇപ്പോഴത് ശരാശരി 37 ഡിഗ്രിയിൽ നിൽക്കുമ്പോഴും ഉഷ്ണത്തിന് കുറവില്ല. മഴ ഒഴിഞ്ഞ ഇടത്തെല്ലാം ജനം വിയർത്തൊഴുകുന്നു. ശരാശരി താപനിലയേക്കാൾ 5 മുതൽ 6 ഡിഗ്രി വരെ ഉയർന്നാലേ ഉഷ്ണതരംഗത്തെ ഭയപ്പെടേണ്ടതുള്ളൂ. ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന വേനൽ മഴയാണ് ഇത്തവണ ഉഷ്‌ണതരംഗത്തിൽ നിന്ന് കേരളത്തെ രക്ഷിച്ചത്.

എങ്കിലും ലോകവ്യാപകമായി സംഭവിക്കുന്ന ആഗോളതാപനത്തിൻറെ പ്രശ്നങ്ങളിൽ മലയാളിക്കും രക്ഷയില്ല. നൂറു വർഷത്തെ കണക്കെടുത്താൽ കേരളത്തിലെ ശരാശരി ചൂട് 1. 67 ഡിഗ്രി സെൽഷ്യസ് കൂടിയിട്ടുണ്ട് എന്ന് പരിസ്ഥിതി കൗൺസിൽ സാക്ഷ്യപ്പെടുത്തുന്നു. ഇത് ഇനിയും കൂടാനാണ് സാധ്യത.

രാജ്യത്തെ തന്നെ ഏറ്റവും സുഖകരമായ കാലാവസ്ഥയുള്ള സംസ്ഥാനമാണ് കേരളമെന്ന സങ്കൽപത്തിൽ ഇനി വലിയ കാര്യമില്ല. ഉത്തരേന്ത്യയുടെ അത്ര ഇല്ലെങ്കിലും തീവ്രമായ കാലാവസ്ഥാ മാറ്റങ്ങളിലേക്കാണ് കേരളവും പോകുന്നത്. മാറി മാറി വരുന്ന പെരുമഴയും കൊടുംചൂടും നേരിടാൻ മലയാളിയും സജ്ജമാകണമെന്ന് ചുരുക്കം.

LEAVE A REPLY

Please enter your comment!
Please enter your name here