ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്ന അവസരത്തിൽ മിക്ക സംസ്ഥാനങ്ങളും കൊവിഡ് നിന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനെകുറിച്ചുള്ള ആലോചനയിലാണ്. മഹാരാഷ്ട്രയിൽ ഇതിനോടകം തന്നെ മാസ്ക് നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചിരുന്നു. വ്യക്തികളുടെ ഇഷ്ടം അനുസരിച്ച് അവർക്ക് മാസ്ക് ധരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാം.
എന്നാൽ രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്ത് വ്യക്തി പോലും കൊവിഡിൽ നിന്ന് പരിപൂർണ സുരക്ഷിതനല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പ്രത്യേകിച്ച് ഇന്ത്യയിൽ രണ്ട് ഡോസ് വാക്സിൻ എടുത്ത് 30 ശതമാനം ആൾക്കാരിൽ പോലും വീണ്ടും കൊവിഡ് പിടിപെടാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്. നിലവിലെ കൊവിഡ് വാക്സിന്റെ പ്രതിരോധ ശേഷി ആറ് മുതൽ എട്ട് മാസങ്ങൾക്കു ശേഷം കുറഞ്ഞുവരുന്നതായി കണ്ടെത്തിയതിനാലാണ് ഇത്തരമൊരു സാഹചര്യം ഉടലെടുത്തിരിക്കുന്നത്.
ഇതിന് പരിഹാരമായി രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മൂന്നാമതൊരു ഡോസ് ബൂസ്റ്റർ ഡോസായി നൽകുന്നത് കാര്യമായി പരിഗണിക്കണമെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. നിലവിൽ ഇന്ത്യയിൽ ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മേൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും മാത്രമാണ് ബൂസ്റ്റർ ഡോസ് വാക്സിനുകൾ നൽകുന്നത്. ഇന്ത്യയിൽ ഇപ്പോഴും കൊവിഡിന്റെ നാലാം തരംഗത്തിനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ടെന്നും കുറഞ്ഞപക്ഷം ഗുരുതര ശാരീരിക പ്രശ്നങ്ങൾ ഉള്ളവർക്കെങ്കിലും ബൂസ്റ്റർ ഡോസ് നൽകിയാൽ കൊവിഡ് നാലാം തരംഗത്തിന്റെ ആഘാതം കുറയ്ക്കാൻ സാധിക്കുമെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു.