മാലിന്യത്തിൽ ആറാടി മംഗൽപ്പാടി പഞ്ചായത്ത്

0
303

ഉപ്പള : മാലിന്യപ്രശ്നം രൂക്ഷമായ ഉപ്പളയിലും പരിസരപ്രദേശങ്ങളിലും മൂക്കുപൊത്താതെ യാത്രചെയ്യാൻ പറ്റാത്ത സ്ഥിതിയിലാണ് നാട്ടുകാർ. ബന്തിയോടുമുതൽ ഉപ്പള ഗേറ്റിന് സമീപംവരെ ദേശീയപാതയ്ക്കിരുവശവും പല സ്ഥങ്ങളിലായി മാലിന്യം കെട്ടിക്കിടക്കുകയാണ്. താലൂക്ക് ആസ്പത്രിക്ക് മുൻവശം, കൈക്കമ്പ, ഉപ്പള മത്സ്യ മാർക്കറ്റ് റോഡ് പരിസരം, ഉപ്പള ബസ്‌സ്റ്റാൻഡിന് മുൻവശം, നയാബസാർ, മണ്ണംകുഴി, വ്യാപാരഭവൻ റോഡ് എന്നിവിടങ്ങളിലെല്ലാം പ്ലാസ്റ്റിക് ചാക്കുകളിലും പോളിത്തീൻ കവറുകളിലും കെട്ടി മാലിന്യം തള്ളിയിരിക്കുകയാണ്.

മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ മാലിന്യം ശേഖരിച്ച് കുബണൂരിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നു. എന്നാൽ കുബണൂരിൽ സംസ്കരണം നടക്കാത്തതിനാൽ ഇവിടെയും മാലിന്യക്കൂമ്പാരമാണ്. വർഷങ്ങളായി തള്ളിയ മാലിന്യം നാട്ടുകാർക്ക് തലവേദനയായതോടെ ഇവിടെയും ശക്തമായ എതിർപ്പുയർന്നിരിക്കുകയാണ്. ഇതേത്തുടർന്ന് ഉപ്പള ടൗൺ അടക്കമുള്ള പ്രദേശങ്ങളിലെ മാലിന്യനീക്കം തടസ്സപ്പെട്ടു. ഇതോടെ ദേശീയപാതയിലൂടെ വാഹനങ്ങളിൽ പോകുന്നവർക്ക്‌ മൂക്കുപൊത്തേണ്ട അവസ്ഥയാണ്.

ആഴ്ചകളായി നീക്കംചെയ്യാതെ റോഡരികിൽ മാലിന്യം ചീഞ്ഞ് നാറുകയാണ്. മാലിന്യപ്രശ്നം രൂക്ഷമായതോടെ തെരുവുനായ ശല്യവും വർധിച്ചിരിക്കുകയാണ്. വാർത്തയാകുമ്പോഴും ശക്തമായ എതിർപ്പുയരുമ്പോഴും മാത്രം മാലിന്യം നീക്കംചെയ്യുക എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങൾ. ദേശീയപാതയുടെ പണി നടക്കുന്നതിനാൽ പലയിടങ്ങളിലും ഇതിന്റെ ഭാഗമായി മാലിന്യം നീക്കംചെയ്തിട്ടുമുണ്ട്. പൊതു ഇടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായും പരാതിയുണ്ട്.

കടകൾ, ഫ്ലാറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽനിന്നെല്ലാം ദേശീയപാതയോരത്ത് മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ഇത് തടയാൻ നിരീക്ഷണം കർശനമാക്കി. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചവരിൽനിന്ന് പിഴ ഈടാക്കുന്നുമുണ്ട്. പല ഘട്ടങ്ങളിലായി പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ആദ്യപടിയായി പഞ്ചായത്ത് ബോധവത്കരണ പ്രവർത്തനങ്ങളിലും സംഘടിപ്പിച്ചിരുന്നു ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ലഘുലേഖകൾ വിതരണംചെയ്തു. പഞ്ചായത്ത് പരിധിയിൽ 50 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് കവറുകൾ നിരോധിക്കാൻ നടപടി തുടങ്ങി. പകരം കുടുംബശ്രീ മുഖേന കൈത്തറി ബാഗുകൾ വിതരണംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വീടുകളിൽ മാലിന്യ പിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ശക്തമായി ഇടപെട്ട് ജില്ലാ ഭരണകൂടം

മാലിന്യപ്രശ്നം കൊണ്ട് പൊറുതിമുട്ടിയ ഉപ്പളയിൽ കളക്ടറുടെ നേതൃത്വത്തിൽ സ്ഥാപനങ്ങളിലും ഫ്ലാറ്റുകളിലും രണ്ടുമാസം മുൻപ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഫ്ലാറ്റുകളിലും മറ്റും മാലിന്യസംസ്കരണത്തിന് സംവിധാനമില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇത്തരം സ്ഥാപനങ്ങൾക്ക് പിഴചുമത്തുകയും ഒരുമാസത്തിനകം മാലിന്യ സംസ്കരണ സംവിധാനമൊരുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരിന്നു. ഇത് ഉറപ്പുവരുത്താൻ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി. നിർദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന്‌ മുന്നറിയിപ്പും നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here