ഓരോ ദിവസവും വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നതാണ് നമ്മളില്‍ മിക്കവരുടെയും ശീലം. ചില ദിവസങ്ങള്‍ പ്രോട്ടീന്‍ അധികമുള്ള ഭക്ഷണം കഴിക്കും. ചിലദിവസങ്ങളിലാകട്ടെ കാര്‍ബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണം കഴിക്കും. എന്നാല്‍, ചിലപ്പോഴെങ്കിലും ഏതെങ്കിലും പ്രത്യേകഭക്ഷണം കഴിക്കാനുള്ള ആഗ്രഹം നമ്മിലുണ്ടാകും. ഇങ്ങനെ കൊതി തോന്നുന്ന ഭക്ഷണം കഴിച്ചു കഴിയുമ്പോഴാണ് നമുക്ക് മാനസികമായ സംതൃപ്തിയും അനുഭവപ്പെടുക. പക്ഷേ, നമുക്ക് ഭക്ഷണത്തോട് കൊതി തോന്നിപ്പിക്കുന്ന ഘടകം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. അതിനുള്ള കാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. പിറ്റ്‌സ്ബര്‍ഗിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. കുടലിലുള്ള സൂക്ഷ്മാണുക്കളാണ് വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നതിനുള്ള ആഗ്രഹം ഉണ്ടാകുന്നതിന് കാരണക്കാരെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രൊസീഡിങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് എന്ന ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
”സൂക്ഷ്മാണുക്കള്‍ നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കുമെന്ന കണ്ടെത്തല്‍ ഒരു പക്ഷേ അതിശയകരമായി തോന്നിയേക്കാം. എന്നാല്‍, ശാസ്ത്രജ്ഞര്‍ക്ക് അതില്‍ അത്ഭുതമൊന്നുമില്ല. നമ്മുടെ കുടലും അതുമായി ബന്ധപ്പെട്ട ഭാഗങ്ങളും(ഗട്ട്) മസ്തിഷകവും നിരന്തരം സംഭാഷണത്തിലാണ്. ചില തന്മാത്രകളാണ് ഇത് സാധ്യമാക്കുന്നത്. ദഹനത്തിന്‌ശേഷമുണ്ടാകുന്ന ഈ ഉപോത്പന്നങ്ങള്‍ നാം മതിയായ ഭക്ഷണം കഴിച്ചുവെന്നോ ഇനിയും ചില പോഷകങ്ങള്‍ ആവശ്യമുണ്ടെന്നോ ഉള്ള സൂചന നല്‍കുന്നു. എന്നാല്‍, കുടലിലെ സൂക്ഷ്മാണുക്കള്‍ക്ക് അതേ തന്മാത്രകളില്‍ ചിലത് ഉത്പാദിപ്പിക്കാന്‍ കഴിയും. അവയ്ക്ക് ആശയവിനിമയത്തിന്റെ ഒരു ഭാഗം ഹൈജാക്ക് ചെയ്ത് തങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്നവിധത്തില്‍ സന്ദേശത്തിന്റെ അര്‍ഥം മാറ്റുവാനും അവയ്ക്കു കഴിയും”-പഠനം വ്യക്തമാക്കുന്നു.