ന്യൂഡൽഹി: ബുൾഡോസർ ഉപയോഗിച്ച് മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കതെിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ ബുൾഡോസർ ഭീകരതയും വിദ്വേഷവുമാണ് പരത്തുന്നതെന്ന് രാഹുൽ വിമർശിച്ചു.
മധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയ്ക്കുനേരെ കല്ലെറിഞ്ഞെന്ന് ആരോപിക്കപ്പെട്ട നിരവധി മുസ്‌ലിംകളുടെ വീടുകളും കടകളും ഉൾപ്പെടെയുള്ള സ്വത്തുവകകൾ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച സമാജ്‌വാദി പാർട്ടി(എസ്.പി) എം.എൽ.എ ഷാസിൽ ഇസ്ലാമിന്റെ പെട്രോൾ പമ്പ് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ വിമർശം.
വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്തെ ജനങ്ങളെ വലച്ചിരിക്കുകയാണ്. ജനങ്ങളുടെ അത്തരം പ്രശ്‌നങ്ങളാണ് സർക്കാർ ബുൾഡോസർ കൊണ്ട് തകർക്കേണ്ടത്. എന്നാൽ, ബി.ജെ.പിയുടെ ബുൾഡോസർ വിദ്വേഷവും ഭീകരതയുമാണുണ്ടാക്കുന്നത്-രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
महंगाई और बेरोज़गारी ने देश की जनता का दम निकाल दिया है।
सरकार को लोगों की इन समस्याओं पर bulldozer चलाना चाहिए।
मगर भाजपा के bulldozer पर तो नफ़रत और दहशत सवार है।
— Rahul Gandhi (@RahulGandhi) April 12, 2022
‘ബി.ജെ.പിയുടെ ബുൾഡോസർ’
മധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയ്ക്കുനേരെയുള്ള കല്ലേറിൽ കുറ്റാരോപിതരായ 45 പേരുടെ സ്വത്തുവകകളാണ് ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. പൊലീസ് സുരക്ഷയിൽ ഖർഗോൺ ജില്ലാ ഭരണകൂടമാണ് വീടുകളും കടകളും തകർത്തത്. അനിഷ്ടസംഭവം നടന്ന് 48 മണിക്കൂറിനകമായിരുന്നു ഭരണകൂട നടപടി.