ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷറഫ് ഹുസൈന്‍ അര്‍ബുദം ബാധിച്ച് മരിച്ചു

0
401

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷറഫ് ഹുസൈന് (40) അര്ബുദം ബാധിച്ച് മരിച്ചു. തലച്ചോറില് അര്ബുദം ബാധിച്ച താരം കഴിഞ്ഞ കുറച്ച് നാളായി ആശുപത്രിയില് ചികിത്സയിലായിരുന്നു. ബംഗ്ലാദേശിനായി അഞ്ച് ഏകദിന മത്സരങ്ങള് കളിച്ച താരം അവസാനമായി ദേശീയ ടീം ജേഴ്സി അണിഞ്ഞത് 2016ല് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ്. 2019 മാര്ച്ചിലാണ് താരത്തിന് ആദ്യമായി അര്ബുദ ബാധ കണ്ടെത്തിയത്. അന്ന് ചികിത്സിച്ച് ഭേദമാക്കിയെങ്കിലും 2020 നവംബറില് വീണ്ടും രോഗലക്ഷണങ്ങള് കാണിക്കുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് ഹുസൈന്‍. 112 മത്സരങ്ങളില്‍ നിന്ന് 3305 റണ്‍സും 392 വിക്കറ്റുകളും സ്വന്തം പേരിലുണ്ട്. രണ്ട് സെഞ്ച്വറികളും 16 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. മൂവായിരം റണ്‍സും 300 വിക്കറ്റും എന്ന നേട്ടം കൈവരിച്ചിട്ടുള്ള ഏഴ് ബംഗ്ലാദേശ് താരങ്ങളില്‍ ഒരാളാണ് മുഷറഫ് ഹുസൈന്‍. 2008ല്‍ ദേശീയ ടീമില്‍ ആദ്യ മത്സരം കളിച്ച താരം തന്റെ രണ്ടാം മത്സരം കളിച്ചത് എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2016ല്‍ ആണ്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ കളിയിലെ താരമാകുന്ന ആദ്യത്തെ സ്വദേശി താരം എന്ന റെക്കോര്‍ഡും ഹുസൈനാണ്. 2013 എഡിഷനിലെ ഫൈനലിലായിരുന്നു താരത്തിന്റെ ഈ നേട്ടം. പിന്നീട് അലോക് കപാലി (2015), തമീം ഇഖ്ബാല്‍ (2019) എന്നിവരും ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here