ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുത്തതായി സൂചന. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ചുള്ള അന്തിമതീരുമാനങ്ങൾ എടുത്ത് കഴിഞ്ഞെന്നും ഈയാഴ്ച തന്നെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങിയേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.
കഴിഞ്ഞയാഴ്ച രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടായിരുന്നതായി ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ സംഘടനയെ നിരോധിക്കാൻ ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം.
പോപ്പുലർ ഫ്രണ്ടിനെ ഇതിനോടകം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും നിരോധിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിന്രെ വിജ്ഞാപനത്തിലൂടെ നിരോധനം കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രാമനവമി ഘോഷയാത്രയ്ക്കിടെ കഴിഞ്ഞ വാരാന്ത്യത്തിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. അക്രമ സംഭവങ്ങളെത്തുടർന്ന് ഇവിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.