വടക്കു പടിഞ്ഞാറൻ ദില്ലിയിലെ ജഹാംഗീർപുരിയിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്തതിന് പിന്നാലെ ഒരു എട്ട് വയസുകാരൻ തന്റെ പിതാവിന്റെ തകർന്ന കടയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാണയങ്ങൾ ശേഖരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചുറ്റും കൂടി നിൽക്കുന്നവരെയോ, ക്യാമറകളെയോ ശ്രദ്ധിക്കാതെ അവൻ തന്റെ പൊളിച്ച കടയുടെ അവശിഷ്ടങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകൾ പരിഭ്രാന്തിയോടെ ശേഖരിക്കുകയായിരുന്നു.
ഇന്ത്യ ടുഡേ റിപ്പോർട്ട് അനുസരിച്ച്, ആൺകുട്ടിയുടെ പേര് ആസിഫ് എന്നാണ്. പൊളിച്ച കട ആസിഫിന്റെ അച്ഛന്റെ ജ്യൂസ് കടയായിരുന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിലാണ് ആസിഫിന്റെ വീടും അവന്റെ അച്ഛന്റെ കടയും നിലകൊള്ളുന്നത്. ജഹാംഗീർപുരിയിൽ ബുധനാഴ്ച പുലർച്ചെ ഉത്തരദില്ലി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയ അനധികൃത കെട്ടിടങ്ങളിൽ ആസിഫിന്റെ വീടും പിതാവിന്റെ കടയും ഉൾപ്പെടുന്നു.
അനധികൃത കെട്ടിടങ്ങൾ ഇടിച്ച് നിരത്തിയതിന് ശേഷം, തകർത്ത വീടുകളിൽ നിന്നും കടകളിൽ നിന്നും ആളുകൾ അവശേഷിക്കുന്ന സാധനങ്ങൾ ശേഖരിക്കാൻ പരക്കം പാഞ്ഞു. അക്കൂട്ടത്തിൽ ആസിഫ് എന്ന കൊച്ചുകുട്ടിയും ഉണ്ടായിരുന്നു. അവന്റേതായി അവിടെ ബാക്കിയുണ്ടായിരുന്നത് മണ്ണിൽ ചിതറിക്കിടന്ന ഏതാനും നാണയങ്ങൾ മാത്രമായിരുന്നു. ആ നാണയങ്ങൾ എല്ലാം ഒന്നുവിടാതെ പെറുക്കി എടുക്കുകയായിരുന്നു അവൻ. “ഇത് എന്റെ വീടും ഞങ്ങളുടെ കുടുംബത്തിന്റെ കടയുമായിരുന്നു. കടയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ഞങ്ങളുടെ വീട് കഴിഞ്ഞിരുന്നത്. ഞാൻ സ്കൂളിൽ പോകുന്നതിനൊപ്പം, വീട്ടുജോലികളും ചെയ്യാറുണ്ട്” ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി ആസിഫ് പറഞ്ഞു.
അധികൃതർ തന്റെ വീടും കടയും തകർക്കുന്നത് കണ്ട് ആസിഫിന്റെ പിതാവ് അക്ബർ പൊട്ടിക്കരഞ്ഞു. മുനിസിപ്പൽ കോർപ്പറേഷൻ വെണ്ടർ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതാണെന്ന് ആസിഫിന്റെ മാതാവ് റഹീമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നിട്ടും ഒരു അറിയിപ്പും കൂടാതെയാണ് തങ്ങളുടെ കട പൊളിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ലൈസൻസ് കിട്ടിയ ശേഷം അടുത്തിടെയാണ് അവർ പണം മുടക്കി കടയിൽ ഒരു ഫ്രിഡ്ജ് വാങ്ങി വച്ചിരുന്നത്. “എന്നാൽ, ബുൾഡോസർ എല്ലാം തകർത്തു. മൊത്തത്തിൽ ഞങ്ങൾക്ക് 80,000 രൂപയുടെ നഷ്ടമാണുണ്ടായത്” അക്ബർ പറഞ്ഞു. ഏപ്രിൽ 20 -ന് രാവിലെ 10 മണിയോടെയാണ് മുനിസിപ്പൽ കോർപ്പറേഷൻ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ ആരംഭിച്ചത്. പിന്നീട്, സുപ്രീം കോടതി നടപടി സ്റ്റേ ചെയ്തു.