ലോകത്തിലെ ഏറ്റവും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്ററിനെ ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്. 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ സ്വന്തമാക്കിയ ശതകോടീശ്വരനായ മസ്കിന്റെ അടുത്ത ലക്ഷ്യം കൊക്കകോളയാണ് (Coca-Cola). അടുത്തതായി താൻ കൊക്കക്കോള വാങ്ങാൻ ആഗ്രഹിക്കുന്നു എന്ന് ട്വീറ്റ് ചെയ്ത മസ്കിന്റെ ട്വീറ്റ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഈ ട്വീറ്റ് ഇതിനകം 1,45,000-ലധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടു കൂടാതെ ആയിരക്കണക്കിന് കമന്റുകളും നിറയുന്നുണ്ട്.
Next I’m buying Coca-Cola to put the cocaine back in
— Elon Musk (@elonmusk) April 28, 2022
എന്നാൽ മസ്കിന്റെ ഈ ട്വീറ്റ് എത്രത്തോളം ഗൗരവത്തോടെയുള്ളതാണെന്ന സംശയത്തിലാണ് സോഷ്യൽ മീഡിയ. കാരണം മുൻപ് “ഞാൻ മക്‌ഡൊണാൾഡ് വാങ്ങി ഐസ്‌ക്രീം മെഷീനുകളെല്ലാം ശരിയാക്കാൻ പോകുന്നു” എന്നൊരു ട്വീറ്റ് മസ്‌ക് പങ്കുവെച്ചിരുന്നു. എന്നാൽ ഇന്ന് അതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് “എനിക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിയില്ല” എന്ന് മസ്‌ക് പറഞ്ഞു. ഇങ്ങനെ വരുമ്പോൾ മസ്കിന്റെ പുതിയ ട്വീറ്റ് എത്രത്തോളം കാര്യഗൗരവം അർഹിക്കുന്നതാണെന്ന സംശയത്തിലാണ് ലോകം. അതേസമയം മസ്കിന്റെ ഈ ട്വീറ്റിനെ നിസാരമായി തള്ളിക്കളയാനും കഴിയില്ല. കാരണം ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുമ്പുള്ള ആഴ്‌ചകളിൽ മസ്‌ക് ഈ രീതിയിൽ പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്താൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്ന ആശയങ്ങളുടെ ഒരു പരമ്പര അവതരിപ്പിക്കുകയും അഭിപ്രായ വോട്ടെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു.
Listen, I can’t do miracles ok pic.twitter.com/z7dvLMUXy8
— Elon Musk (@elonmusk) April 28, 2022
ചുരുക്കി പറഞ്ഞാൽ, കൊക്കോകോളയെക്കുറിച്ച് തമാശ പറയുകയാണോ എന്ന് മസ്കിന് മാത്രമേ അറിയൂ. ശതകോടീശ്വരനായ മസ്‌ക് ട്വിറ്ററിൽ സജീവമാണ്. തന്റെ ട്വിറ്റർ ടൈംലൈനിൽ ആശയങ്ങൾ പങ്കുവെക്കുന്നതിൽ അദ്ദേഹം വളരെ പ്രശസ്തനുമാണ്. അദ്ദേഹത്തിന്റെ ട്വീറ്റുകൾ പലപ്പോഴും അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട്.
ഒരു കാർബണേറ്റഡ് ശീതളപാനീയമാണ് കൊക്ക കോള. അറ്റ്ലാന്റ ആസ്ഥാനമായ കൊക്കകോള കമ്പനിയാണ് ഇത് നിർമ്മിക്കുന്നത്. ജോർജിയയിലെ (യുഎസ്എ) അറ്റ്ലാന്റയിലുള്ള ജേക്കബ്സ് ഫാർമസിയിൽ 1886 മെയ് 8-ന് ഡോ. ജോൺ പെംബർട്ടൺ ആദ്യമായി കൊക്കകോള നിർമ്മിച്ച് അവതരിപ്പിച്ചതോടെ കമ്പനിയുടെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. ഇന്ന് 200-ലധികം രാജ്യങ്ങളിൽ കൊക്കോകോള ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.