ജില്ലയിലെ സ്ഥിരം കുറ്റവാളികളിൽ 14 പേർ ഇപ്പോഴും പുറത്ത്

0
258

കാസർകോട്: ജില്ലയിൽ മുൻകരുതൽ തടങ്കലിലാക്കാൻ പൊലീസ് നൽകിയ 17 സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ നടപടിയെടുത്തതു 3 പേർക്കെതിരെ മാത്രം. കാപ്പ നിയമം പ്രകാരമാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി ഈ വർഷം 17 പേരെ മുൻകരുതൽ തടങ്കലിലാക്കാൻ ജില്ലാ പൊലീസ് മേധാവി ജില്ലാ ഭരണകൂടത്തിനു ശുപാർശ നൽകിയത്. ഇതിൽ 3 പേർ കണ്ണൂർ സെൻട്രൽ ജയിലിലാണ്. ഇതിനു പുറമേ കാപ്പ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം ഡിഐജി 2 പേരെ നാടുകടത്തുകയും ചെയ്തു.കാപ്പ നിയമ പ്രകാരം ഗുണ്ടകളെ ജയിലിലടയ്ക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിർദേശിച്ചതിനാൽ ജില്ലയിലും പരിശോധന വേഗത്തിലാക്കിയിട്ടുണ്ട്.

നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ മാത്രമേ കാപ്പ നിയമം പ്രകാരം അറസ്റ്റ് ചെയ്യാൻ പാടുള്ളുവെന്നും ജില്ലാ പൊലീസ് മേധാവി നൽകുന്ന ശുപാർശകൾ പരിശോധിക്കാൻ ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ സെൽ രൂപീകരിക്കണമെന്നും സർക്കാരിന്റെ നിർദേശമുണ്ട്.കടമ്പാർ മോർത്തന ഹൗസിൽ മുഹമ്മദ് അസ്കർ (25), മീയ്യപദവ് കണിയൂർ ആയിഷ മൻസിലിലെ ഇബ്രാഹിം അർഷാദ് (26), കാസർകോട് ബട്ടംപാറയിലെ മഹേഷ് (28) എന്നിവരെയാണ് കാപ്പ ചുമത്തി 6 മാസത്തേക്കു മുൻകരുതൽ തടങ്കലിലാക്കിയത്. ഉപ്പള വിജയബാങ്കിനു സമീപത്തെ മുസ്തഫ മൻസിലിലെ പി.കെ. അബ്ദുൽറൗഫ് (മീശ റൗഫ്–41), കുഡ്‍ലു ആലംങ്കോട് ധൂമാവതി ക്ഷേത്രത്തിനു സമീപത്തെ കെ.ദീപക് (30) എന്നിവരെയാണു നാടുകടത്തിയത്. ഇവർ കാലാവധി തീരുന്നതുവരെ ജില്ലയിലേക്കു പ്രവേശിക്കാൻ പാടില്ല.

മുൻകരുതൽ തടങ്കലിലാക്കാൻ പതിനേഴും നാടുകടത്താൻ 6 പേരെയുമാണു ശുപാ‍ർശ നൽകിയത്. ഇതിൽ നിലവിൽ നടപടിയെടുത്തത് ആകെ 5 പേർക്കെതിരെയാണ്. ബാക്കിയുള്ളവർക്കെതിരെയുള്ള നടപടി അടുത്താഴ്ചയോടെ ഉണ്ടാകാനാണു സാധ്യതയെന്നു പൊലീസ് പറഞ്ഞു. ജില്ലയിൽ കാസർകോട് സബ്ഡിവിഷൻ പരിധിയിൽ 13 പേരെയാണു കാപ്പ ചുമത്താനായി ശുപാർശ നൽകിയത്. ലഹരിമരുന്നുകടത്ത്, കൊലപാതകം, വധശ്രമം, പോക്സോ, ക്വട്ടേഷൻ, അതിക്രമം, സാമൂഹിക വിരുദ്ധ പ്രവർത്തനം തുടങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതികൾ ആകുന്നവർക്കെതിരെയാണ് കാപ്പ ചുമത്താനായി കലക്ടറോടു ശുപാർശ നൽകുന്നത്. പുതുതായി കാപ്പ ചുമത്താനുള്ളവരുടെ പട്ടിക തയാറാക്കാൻ സ്റ്റേഷൻ ഹൗസ് ഓഫിസറോടു നിർദേശിച്ചിട്ടുണ്ട്.

സ്ഥിരം കുറ്റവാളി ആകുന്നത് എപ്പോൾ?

സ്ഥിരം കുറ്റവാളികളായവരെ കാപ്പ ചുമത്തി 6 മാസം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി കലക്ടർക്കു നൽകുന്ന ശുപാർശയിൽ ഹാജരാക്കേണ്ടത് ഒട്ടേറെ രേഖകൾ. ഒരു കുറ്റവാളിയുടെ എല്ലാം കേസുകളും എഫ്ഐആറും കുറ്റപത്രത്തിന്റെയും സ്റ്റേഷനിലെ റൗഡി ഹിസ്റ്ററിയും അടക്കം മുഴുവൻ രേഖകളും ഹാജരാക്കണം. നല്ല നടപ്പിനായി ആർഡിഒ കോടതിയിൽ നൽകിയതിന്റെ റിപ്പോർട്ടും ആർഡിഒ നല്ല നടപ്പിനു ശിക്ഷിച്ചതിന്റെയും ആ കാലയളവിലും കുറ്റകൃത്യങ്ങൾ ചെയ്തുവെങ്കിൽ അതു സംബന്ധിച്ചുള്ള വിവരങ്ങളുടെ കോപ്പികളും നൽകണം. കാപ്പ ചുമത്തി ജയിൽ അടച്ചാൽ ഇതിനെതിരെ പ്രതിക്ക് അപ്പീൽ നൽകാം. ഇത് ജഡ്ജിമാർ ഉൾപ്പെടെയുള്ള മൂന്നംഗ സമിതി പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here