കൊച്ചി: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ ഇപ്പോൾ ബാധകം അപമൃത്യുവിനും കുറ്റവാളികൾക്കും മാത്രം. രണ്ടിലും വലയുന്നത് പൊലീസുകാരും മരിച്ചവരുടെ ഉറ്റവരും തടവുകാരും.
പോസ്റ്റ്‌മോർട്ടത്തിനും ജയിൽ പ്രവേശനത്തിനും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുന്ന സർക്കാർ ഉത്തരവ് പ്രാബല്യത്തിലുള്ളതാണ് പ്രശ്നം. സർക്കാർ ആശുപത്രികളിൽ പലയിടത്തും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് സമയപരിധിയുമുണ്ട്. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ കുറഞ്ഞത് മൂന്നു മണിക്കൂർ വൈകും. ചിലപ്പോൾ അടുത്ത ദിനത്തിലേക്ക് നീളും. ദൂരെ സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങളുമായി പോകേണ്ട ഉറ്റവരുടെ കാത്തിരിപ്പ് ദുരിതം ചെറുതല്ല.
സങ്കീർണതകൾ
പോസ്റ്റ്മോർട്ടത്തിൽ
□ പരിശോധനയില്ലാതെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്താൽ ഡോക്ടറും സഹായികളും രോഗ ഭീതിയിലാകും.
□ കൊവിഡ് നഷ്ടപരിഹാരത്തിന് പരിശോധന ആവശ്യം.
പരിഹാരം:
□കാരണം വ്യക്തമാകാത്ത മരണങ്ങളിൽ മാത്രമായി ആർ.ടി.പി.സി.ആർ പരിശോധന പരിമിതപ്പെടുത്തണം
□അംഗീകൃത സ്വകാര്യ ലാബുകളുടെ റിപ്പോർട്ടും സ്വീകരിക്കണംജയിലിലും
കഷ്ടപ്പാട്
□ ജയിൽ വകുപ്പ് ജില്ലയിൽ ഒന്നു വീതം നടത്തിയിരുന്ന സി.എഫ്.എൽ.ടി.സികൾ നിറുത്തിയതിനാൽ തടവുകാരെ നേരെ ജയിലിലേക്ക് പ്രവേശിപ്പിക്കണം.
□ ആർ.ടി.പി.സി.ആർ ഫലവുമായി വരാത്തവരെ പ്രത്യേക മുറികളിൽ താമസിപ്പിക്കും. പിറ്റേന്ന് പൊലീസുകാർ കൂട്ടിക്കൊണ്ടുപോയി ഫലവുമായി വരണം.
□പോസിറ്റീവാകുന്നവരെ പാർപ്പിക്കാൻ ജില്ലകൾ തോറും സൗകര്യം ഉണ്ടാക്കണമെന്നാണ് ഉത്തരവ്. കൊവിഡ് പോസിറ്റീവായി ഏപ്രിൽ ഒന്നിനു ശേഷം ആരും എത്തിയിട്ടില്ലെന്നാണ് വിവരം.
□വിദൂരങ്ങളിൽ നിന്നെത്തുന്ന പൊലീസുകാർ സ്വന്തം പണംമുടക്കി സ്വകാര്യ ലാബുകളിൽ തടവുകാരുടെ ടെസ്റ്റ് നടത്തി ഫലമെത്തിച്ച് തടിയൂരുന്നു.