കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസ്; കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്

0
234

കോഴിക്കോട്: കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ ആറ് പേരെ പ്രതി ചേർത്ത് കുറ്റപത്രമായെങ്കിലും കോടതിയില്‍ സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്. സംസ്ഥാന ക്രൈംബ്രാ‍ഞ്ച് മേധാവിയുടെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. കേസില്‍ എസ്‍സി/ എസ്ടി വകുപ്പ് കൂടി ചേര്‍ക്കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നാണ് അറിയുന്നത്.

ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്ഥ്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് മുഖ്യപ്രതി. ഇദ്ദേഹത്തിന് പുറമേ മറ്റ് അഞ്ച് പേരെക്കൂടി പ്രതി ചേര്‍ത്ത് ക്രൈംബ്രാ‍ഞ്ച് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്ക്, കെ. മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് പ്രതികള്‍.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കുറ്റപത്രം തയ്യാറായിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. കോഴ നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍, തടങ്കലില്‍ വയ്ക്കല്‍ എന്നീ വകുപ്പുകളും കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന.

സുന്ദര പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളായതനിനാല്‍ എസ്‍സി എസ്ടി വകുപ്പുകള്‍ കൂടി ചുമത്തണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നതായാണ് സൂചന. എന്നാല്‍ ഈ വകുപ്പ് ചേര്‍ക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിയോജിപ്പുണ്ടെന്നാണ് അറിവ്. ഇതോടെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കലും അനിശ്ചിതമായി നീളുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here