ദോഹ: ഖത്തർ ഫുട്ബാൾ ലോകകപ്പിൽ പങ്കെടുത്താൽ മാത്രം ഒരു ടീമിന് ലഭിക്കുന്നത് 80 കോടി രൂപയ്ക്ക് അടുത്ത്. ഒരു മത്സരം പോലും ജയിച്ചില്ലെങ്കിലും ഇത്രയും തുക അതാത് ടീമുകൾക്ക് ലഭിക്കും. മുൻ ലോകകപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനതുക ഏർപ്പെടുത്താൻ ഫിഫ തീരുമാനിച്ചതാണ് ഇതിന് കാരണം. 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ 17 മുതൽ 32 സ്ഥാനങ്ങളിൽ വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾക്കാണ് 80 കോടിക്ക് അടുത്ത് സമ്മാനത്തുക ലഭിക്കുക. ഇത് രണ്ട് ഭാഗമായിട്ടാകും ഫിഫ നൽകുക.
ലോകകപ്പിലേക്ക് യോഗ്യത നേടുന്ന എല്ലാ ടീമുകൾക്കും ടൂർണമെന്റിനുള്ള ഒരുക്കങ്ങൾക്കായി 1.5 മില്ല്യൺ ഡോളർ ഫിഫ ആദ്യം തന്നെ നൽകും. ഇത് തന്നെ ഏകദേശം 11 കോടിക്ക് മുകളിൽ വരും. ഇതിനു പുറമേ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ വച്ച് തന്നെ പുറത്താകുന്ന ടീമുകൾക്ക് ഒൻപത് മില്ല്യൺ ഡോളർ ആയിരിക്കും സമ്മാനതുകയായി ലഭിക്കുക. ഇത് ഏകദേശം 69 കോടിക്ക് അടുത്ത് വരും.
ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്ന ടീമുകൾക്ക് ഇത്രയേറെ തുക ലഭിക്കുമെങ്കിൽ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. ലോകകപ്പ് വിജയിക്കുന്നവർക്ക് ലഭിക്കുന്നത് 42 മില്ല്യൺ ഡോളറാണ് (ഏകദേശം 319.18 കോടി രൂപ). രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 30 മില്ല്യൺ ഡോളറും (ഏകദേശം 227.98 കോടി രൂപ) മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 27 മില്ല്യൺ ഡോളറും (ഏകദേശം 205.18 കോടി രൂപ) സമ്മാനതുകയായി ലഭിക്കും. നാലാം സ്ഥാനത്തെത്തുന്നവർക്ക് 25 മില്ല്യൺ ഡോളറും (189.98 കോടി രൂപ) ലഭിക്കും.
ക്വാർട്ടർ ഫൈനലിൽ എത്തുന്ന ടീമുകൾക്ക് 17 മില്ല്യൺ ഡോളറും (129.19 കോടി രൂപ) പ്രീക്വാർട്ടറിൽ എത്തുന്നവർക്ക് 13 മില്ല്യൺ ഡോളറും (98.79 കോടി രൂപ) സമ്മാനതുകയായി ലഭിക്കും. ഏകദേശം ഏഴ് ബില്ല്യൺ ഡോളറാണ് (53,196.85 കോടി രൂപ) ഫിഫ ഇത്തവണത്തെ ലോകകപ്പിൽ നിന്ന് മാത്രം വരുമാനം പ്രതീക്ഷിക്കുന്നത്.