ആലപ്പുഴക്ക്‌ ശേഷം പാലക്കാടും 24 മണിക്കൂർ തികയും മുമ്പേ രണ്ട് കൊലപാതകങ്ങൾ, ഞെട്ടലിൽ കേരളം

0
315

പാലക്കാട്: ആലപ്പുഴക്ക് പിന്നാലെ പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഞെട്ടി കേരളം. രണ്ട് ജില്ലകളിലും 24 മണിക്കൂർ തികയും മുമ്പാണ് രണ്ട് കൊലപാതകങ്ങൾ നടന്നത്. വിഷു ദിനത്തിൽ പാലക്കാട്എ പോപ്പുലർ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്ന് 24 മണിക്കൂർ തികയും മുമ്പാണ് ആര്‍എസ്എസ് നേതാവിനെയും സമാനരീതിയിൽ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴയിലേതിന് സമാനമാണ് പാലക്കാടും നടന്ന സംഭവങ്ങൾ. ഡിസംബറിലാണ് കേരളത്തെ ഞെട്ടിച്ച് ആലപ്പുഴയിലും ആര്‍എസ്എസ്-എസ്ഡിപിഐ സംഘർഷം ഉടലെടുത്തത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനുമാണ് അന്ന് കൊല്ലപ്പെട്ടത്. ഷാൻ കൊല്ലപ്പെട്ട് അഞ്ച് മണിക്കൂറിനുള്ളിൽ സ്വന്തം വീട്ടിനുള്ളിൽ രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു.

ആ സംഭവത്തിന് ശേഷം നാല് മാസം തികയുമ്പോഴാണ് പാലക്കാട്ടും കൊലപാതകങ്ങൾ അരങ്ങേറിയത്.  പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ വെള്ളിയാഴ്ച ഉച്ചക്കാണ് പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ കൊല്ലപ്പെട്ടത്.  പള്ളിയില്‍നിന്ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന  സുബൈര്‍. കാറിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം സുബൈറിനെ വെട്ടുകയായിരുന്നു. പിതാവിന്റെ മുന്നിലിട്ടായിരുന്നു സുബൈറിനെ വെട്ടിക്കൊന്നത്. മറ്റൊരു കാറില്‍ അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. പാലക്കാട് ആർഎസ്എസ് പ്രവർത്തകനായിരുന്ന സഞ്ജിത്ത് എന്ന യുവാവിന്റെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് സുബൈറിനെ വെട്ടിക്കൊന്നതെന്ന് പൊലീസ് സംശയിക്കുന്നു.

സുബൈറിന്റെ കൊലപാതകത്തിന്റെ ഞെട്ടൽമാറും മുമ്പേ ശനിയാഴ്ച പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് നേതാവിനെയും അക്രമികൾ വെട്ടി വീഴ്ത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മൂന്ന് ബൈക്കുകളിലെത്തിയ അക്രമിസംഘം ശ്രീനിവാസനെ കടയില്‍ കയറി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആര്‍എസ്എസിന്റെ മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖാണ് കൊല്ലപ്പെട്ട ശ്രീനിവാസന്‍.

വെള്ളിയാഴ്ചയിലെ കൊലപാതകത്തിന് ശേഷം പാലക്കാട് ജില്ലയില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നതായി പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ മൂക്കിൻതുമ്പിലാണ് മറ്റൊരു കൊലപാതകവും നടന്നത്.

രണ്ടുവര്‍ഷം മുമ്പുണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് പാലക്കാട് ആർഎസ്എസ്-എസ്ഡിപിഐ സംഘർഷമുടലെടുക്കുന്നത്. ആര്‍എസ്എസ്. പ്രവര്‍ത്തകനായ സഞ്ജിതിന്റെ ബൈക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കം മൂന്ന് പേരുടെ കൊലപാതകത്തിലാണ് കലാശിച്ചത്. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി സഞ്ജിത്തിന്റെ ചായക്കട തീവെച്ച് നശിപ്പിച്ചു. ഇതിനുപിന്നാലെയാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈന് വെട്ടേറ്റത്.

സക്കീര്‍ ഹുസൈനെ ആക്രമിച്ചതിന് പ്രതികാരമായി 2021 നവംബര്‍ 15ന് ആര്‍എസ്.സ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ മമ്പറത്തുവെച്ച് ഭാര്യയുമായി ബൈക്കില്‍ പോകുന്നതിനിടെ കാറിലെത്തിയ അക്രമിസംഘം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here