ആ പണി നിർത്തിക്കോ, പിന്നാലെ പൊലീസുണ്ട്; കടത്തിയാലും ഉപയോഗിച്ചാലും കുടുങ്ങും, ലഹരി തടയാൻ വലവിരിച്ച് പൊലീസ്

0
325

കാസർകോട് ∙ ലഹരിമരുന്ന് കടത്തുന്നവരും ഉപയോഗിക്കുന്നവരും ആ പണി നിർത്തിക്കോ, നിങ്ങളുടെ പിന്നാലെ പൊലീസുണ്ട്. ലഹരി കടത്തിനോടൊപ്പം ഇത് ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടിയുമായി പൊലീസ് രംഗത്ത്. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിലായി മൂന്നര മാസത്തിനുള്ളിൽ 263 കേസുകളിലായി 315 പേർക്കെതിരെയാണു ലഹരി ഉപയോഗിച്ചതിനു കേസെടുത്തത്. എംഡിഎംഎ, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്നവർക്കെതിരെയാണു ഏറെയും കേസെടുത്തത്.

നഗര–ഗ്രാമ പ്രദേശങ്ങളിലെ കടവരാന്തകളിലും പാതയോരങ്ങളിലുമായി ലഹരി ഉപയോഗിച്ച് ബഹളം ഉണ്ടാക്കുകയും മറ്റു ചെയ്യുന്നതായി പൊലീസിനു ഫോണിലും മറ്റുമായി പരാതി കിട്ടാൻ തുടങ്ങിയതോടെയാണു പരിശോധന ശക്തമാക്കുകയും ലഹരി ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കാനുമായി തുടങ്ങിയത്. ഇവരെ കണ്ടെത്താനായി ഓരോ സ്റ്റേഷൻ പരിധിയിലും മഫ്തിയിലും മറ്റുമായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നാണു സൂചന.

ലഹരി കടത്തിയതിന് 53 പേർക്കെതിരെ കേസ് 

മയക്കുമരുന്നു കടത്തിയതിൽ മൂന്നര മാസത്തിനുള്ളിൽ ജില്ലയിൽ കേസെടുത്തത് 53 പേർക്കെതിരെ. ഇതിൽ വൻതോതിൽ മയക്കു മരുന്ന് കടത്തിയതിൽ 9 കേസുകളിലായി 14 പേർക്കെതിരെയും മിനിമം അളവിൽ ലഹരി മരുന്ന് കടത്തിയതിന് 33 പരാതികളിലായി 39 പേർക്കെതിരെയുമാണു കേസെടുത്തത്. ജില്ലയിലെ സാമുദായിക പ്രശ്നങ്ങളും മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നു ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here