ലക്നൗ: അനുമതിയില്ലാതെ പള്ളിക്ക് മുന്നിലെ റോഡിൽ നമസ്‌കരിച്ചതിന് ആഗ്രയിൽ 150 പേർക്കെതിരെ കേസെടുത്ത് യു പി പൊലീസ്. സരോജിനി നായിഡു മെഡിക്കൽ കോളേജ് റോഡിലെ ഇംലി വാലി മസ്ജിദിന് മുന്നിലാണ് സംഭവം.
റോഡിൽ നമസ്‌കരിക്കുന്നതിനെതിരെയുള്ള ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടന്ന് കഴിഞ്ഞ ദിവസം ഗതാഗതം തടസ്സപ്പെടുത്തിയുള്ള മതപരമായ പരിപാടികൾ നിരോധിച്ചുകൊണ്ട് സംസ്ഥാനത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
മതവികാരം വ്രണപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ഐപിസി സെക്ഷൻ 144 ലംഘിക്കൽ എന്നിവയാണ് ഇവർക്കെതിരെയുള്ള കേസുകൾ. റോഡിൽ തരാബിഹ് നമസ്‌കാരം നടത്തിയത് ഗതാഗതം തടസ്സപ്പെടുത്തുകയും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. ഇതിനാലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഇംലി വാലി പള്ളിക്ക് മുന്നിൽ നമസ്കാരം നടത്താൻ വിശ്വാസികൾക്ക് നേരത്തെ അനുവാദമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇതിനെതിരെ ഹിന്ദുസംഘടനകൾ രംഗത്തു വന്നു. ഇതിനെ തുടർന്ന് അക്രമസംഭവങ്ങൾ ഒഴിവാക്കാനായി ജില്ലാ ഭരണകൂടം അനുമതി പിൻവലിക്കുകയായിരുന്നു.