കോട്ടയം: നാല് ആംബുലൻസുകളെ അടിയന്തര ആവശ്യമെന്ന് വിളിച്ചുവരുത്തി കബളിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംഭവം. ഐസിയു സൗകര്യമുള്ള 4 ആംബുലൻസുകളെയാണു നാഗമ്പടത്തേയ്ക്ക് വിളിച്ചു വരുത്തി കബളിപ്പിച്ചത്. കാൽ ഒടിഞ്ഞു ഇരിക്കുകയാണെന്നും അത്യാവശ്യമായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കണമെന്നുമായിരുന്നു ഫോൺ വിളിച്ചയാൾ പറഞ്ഞത്.
നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിന്റെ മുൻവശത്ത് എത്താനാണ് ഫോണിലൂടെ വിളിച്ചുപറഞ്ഞത്. ഹിന്ദിയിലായിരുന്നു സംസാരം. ആംബുലൻസുകൾ പരമാവധി വേഗത്തിൽ നാഗമ്പടത്ത് എത്തിയപ്പോൾ പ്രദേശത്ത് വിളിച്ച ആളും രോഗിയും ഉണ്ടായിരുന്നില്ല. വിളിച്ച നമ്പറിൽ തിരിച്ചു വിളിച്ചപ്പോൾ ഗൂഗിൾ പേയിൽ തന്റെ മുതലാളി പണം നൽകുമെന്നും ഇപ്പോൾ എത്താമെന്നും പറഞ്ഞു.
വേറെയും ആംബുലൻസുകൾ എത്തുന്നതു കണ്ടപ്പോൾ സംശയം തോന്നി നമ്പറിൽ വിളിച്ചപ്പോൾ കാത്തിരിക്കാനായിരുന്നു മറുപടി ലഭിച്ചത്. മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് 3 ആംബുലൻസുകൾ സ്ഥലത്ത് എത്തിയത്. ഇവർക്കും സമാന നമ്പറിൽ നിന്നു ഹിന്ദി സംസാരിക്കുന്ന ഒരാളാണ് വിളിച്ചതെന്നു പറഞ്ഞു. തുടർന്നു സൈബർ സെല്ലിൽ പരാതി അറിയിച്ചു. വിളിച്ച സിം മധ്യപ്രദേശിൽ നിന്നെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.