ലക്നൗ ∙ മൂന്നു ദിവസം കൂടുമ്പോൾ ഒരാളെ വീതം മരണം കവർന്നെടുത്ത വീട്. 24 ദിവസത്തിനിടെ കുടുംബത്തിൽ മരിച്ചതു പ്രിയപ്പെട്ട 8 പേർ. കോവിഡ് എന്ന മഹാമാരി ഭീകരമായി നടമാടിയതിന്റെ നേർസാക്ഷ്യമായി ഒരു വർഷത്തിനിപ്പുറവും ഏവരെയും സങ്കടപ്പെടുത്തുകയാണ് ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ഇമാലിയ പുർവ എന്ന ഗ്രാമം. എട്ടു മുറിയുള്ള യാദവ കൂട്ടുക്കുടുംബത്തിലാണ് ഈ ദാരുണക്കാഴ്ച.
ഒരു വർഷം മുൻപുവരെ ആളും ബഹളവുമായി സജീവമായിരുന്ന വീടിപ്പോൾ മൗനം കൊണ്ടു ഭയപ്പെടുത്തുകയാണെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഈ കുടുംബത്തിലെ 2 സഹോദരിമാർ, അവരുടെ 4 സഹോദരങ്ങൾ, അമ്മ, അമ്മായി എന്നിവരാണ് ആശുപത്രിയിലും വീട്ടിലുമായി മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇപ്പോൾ ഈ വീട്ടിലുള്ള സീമ സിങ് യാദവിന്റെ ഭർത്താവ് നിരാങ്കർ സിങ് (45) കഴിഞ്ഞവർഷം ഏപ്രിൽ 25നാണ് മരിച്ചത്.
കർഷകനായ ഇദ്ദേഹം ആറു ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘ഓക്സിജൻ കിട്ടാതെ അദ്ദേഹം നിലവിളിക്കുകയും വിമ്മിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. ഡോക്ടറെ കാണാനും കൂടുതൽ ഓക്സിജൻ ഏർപ്പെടുത്താനും നിരാങ്കർ ആവശ്യപ്പെട്ടു. കൂടുതൽ ഓക്സിജൻ നൽകണമെന്നു ഞാൻ ഡോക്ടറോടു കേണപേക്ഷിച്ചു. ഡോക്ടർ ഒരിക്കൽ അങ്ങനെ ചെയ്തെങ്കിലും ഭർത്താവിനു ശ്വസിക്കാനായില്ല. കൂടുതൽ ഓക്സിജൻ നൽകണമെന്ന് അഭ്യർഥിച്ചെങ്കിലും ഡോക്ടർ നിരസിച്ചു.
ഭർത്താവ് ചോദിച്ചപ്പോൾ, ഡോക്ടർ വേറൊരാളോടു സംസാരിക്കുകയാണെന്ന് എനിക്കു നുണ പറയേണ്ടി വന്നു. ഓക്സിജൻ കിട്ടാതെ അദ്ദേഹം എന്റെ കൺമുന്നിൽ മരിച്ചു’– കണ്ണീരോടെ സീമ പറഞ്ഞു. ഹൈദരാബാദിൽ ഫാഷൻ ഡിസൈനിങ് പഠിക്കുന്ന മൂത്തമകൻ (21), 12–ാം ക്ലാസ് പരീക്ഷ കഴിഞ്ഞ ഇളയ മകൻ (19) എന്നിവരുടെ പഠനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആധിയിലാണു താനെന്നും സീമ കൂട്ടിച്ചേർത്തു. ‘മക്കളെ ഓർത്താണു ഞാൻ ജീവിക്കുന്നത്. എനിക്കെന്തു സംഭവിച്ചാലും അവരെ പഠിപ്പിക്കും. മക്കളുടെ ജീവിതം പാഴായിപ്പോകരുത്’– സീമയുടെ വാക്കുകൾ.
കുടുംബത്തിലെ മറ്റൊരംഗമായ കുസ്മ ദേവിയുടെ ഭർത്താവ് വിജയ് കുമാർ സിങ്ങും (61) കർഷകനായിരുന്നു. സ്വകാര്യ ആശുപത്രിയിൽ 10 ദിവസം കോവിഡ് ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹം കഴിഞ്ഞ മേയ് ഒന്നിനാണു മരിച്ചത്. കുടുംബത്തിന്റെ ചുമതല ഇപ്പോൾ കുസ്മയ്ക്കാണ്. സർക്കാർ നഷ്ടപരിഹാരം നൽകിയെങ്കിലും ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ ആശങ്കയാണെന്ന് ഇവർ പറയുന്നു.
‘ഞങ്ങൾ നേരിട്ടതുപോലൊരു ദുരവസ്ഥ മറ്റാർക്കും വരരുതേ എന്നായിരുന്നു ദൈവത്തോടുള്ള ഏക പ്രാർഥന. ഒരാൾ ദരിദ്രനാകുന്നതും ദിവസം ഒരു നേരം മാത്രം ആഹാരം കഴിക്കുന്നതും സഹിക്കാം. പക്ഷേ, ഇത്തരമൊരു ദുഃഖം താങ്ങാനാകില്ല. ഞങ്ങളുടെ ജീവിതത്തിൽ ഇതുപോലൊന്നു കണ്ടിട്ടില്ല. കുടുംബത്തെ എങ്ങനെ പോറ്റുമെന്നും കുട്ടികളെ പഠിപ്പിക്കുന്നത് എങ്ങനെയെന്നും ആശങ്കപ്പെട്ടു. വിദ്യാഭ്യാസം പ്രധാനപ്പെട്ട കാര്യമാണ്. നഷ്ടപരിഹാരമായി കിട്ടിയ പണമെല്ലാം കുട്ടികളെ പഠിപ്പിക്കാനാണ് ഉപയോഗിച്ചത്. പക്ഷേ, ഭാവിയെക്കുറിച്ചോർക്കുമ്പോൾ പേടിയുണ്ട്…’– കുസ്മ ദേവി പറയുന്നു.