ഒരു സോപ്പു വാങ്ങിത്തരുമോ എന്ന് ചോദിച്ച വയോധികനായ യാചകനെ കുളിപ്പിക്കുന്ന ഒരു പൊലീസുകാരന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികുന്നത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.
നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനായ എസ്.ബി. ഷൈജുവാണ് സമൂഹമാധ്യമങ്ങളിലൂടെ കയ്യടി നേടുന്നത്. പൂവാര്‍ വിരാലി സ്വദേശിയായ ഷൈജു ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ തുടങ്ങുമ്പോള്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം പൊരിവെയിലത്ത് വളരെ പതിയെ നടന്നുവരുന്ന വയോധികനെ കാണുകയായിരുന്നു.
വയോധികന്റെ അടുത്ത് ചെന്ന് റോഡ് മുറിച്ചു കടക്കണോ എന്ന് പൊലീസുകാരന്‍ ചോദിച്ചു. എന്നാല്‍ മറുപടിയായി കുളിക്കാന്‍ ഒരു സോപ്പു വാങ്ങിത്തരുമോ എന്ന് ചോദിച്ചുകൊണ്ട് വയോധികന്‍ പൊലീസുകാരന് നേരെ നാണയത്തുട്ടുകള്‍ നീട്ടുകയാണ് ചെയ്തത്. തുടര്‍ന്ന് പൊലീസുകാരന്‍ വയോധികന് കുളിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. 80 വയസിനടുത്ത് പ്രായമുള്ള അയാള്‍ക്ക് തനിയെ വെള്ളമെടുത്ത് കുളിക്കാന്‍ പ്രയാസമാണെന്ന് മനസ്സിലാക്കിയ ഷൈജു തന്നെ വയോധികന് സോപ്പു തേച്ചുകൊടുത്ത് കുളിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസുകാരന്‍ കുറച്ച് പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കുകയും പണം നല്‍കുകയും ചെയ്തു. പ്രായത്തിന്റേതായ അവശതകള്‍ വയോധികന്‍ നേരിടുന്നുണ്ടെന്നും കടയുടെ വരാന്തകളിലും മറ്റുമാണ് ഇയാള്‍ ഉറങ്ങുന്നതെന്ന് അറിയാന്‍ കഴിഞ്ഞെന്നും ഷൈജു പറയുന്നു. വയോധികനെ കുളിപ്പിക്കുന്നത് കണ്ടു നിന്ന ഒരാള്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.