പാലക്കാട്: പാലക്കാട്ട് കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ (Subair) ശരീരത്തിൽ 50ൽ അധികം വെട്ടുകൾ. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളിൽ നിന്നും രക്തം വാർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട്. മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാൽ 4 മണിക്കൂറോളമെടുത്താണ് പോസ്റ്റ്‌മോർട്ടം പൂർത്തിയായത്. പോസ്റ്റ്മോർട്ടം ചെയ്ത ഉദ്യോഗസ്ഥൻ ഇന്ന് പൊലീസിന് വിവരങ്ങൾ മൊഴിയായി നൽകും. വിശദ റിപ്പോർട്ട് ദിവസങ്ങൾക്കകം സമർപ്പിക്കും. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സുബൈറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് പൊലീസിൽ നിന്നും ലഭിക്കുന്നത്. ഒരു വർഷം മുമ്പ് സക്കീർ ഹുസൈൻ എന്ന എസ്ഡിപിഐ പ്രവർത്തകനെ എരട്ടക്കുളം തിരിവിൽ വച്ച് വെട്ടിയ കേസിലെ പ്രതികളായ സുദർശനൻ, ശ്രീജിത്ത്, ഷൈജു ഉൾപ്പടെ അഞ്ച് പേരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഒരു മാസം മുമ്പ് ഇവർ ജാമ്യത്തിലിറങ്ങിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഈ സംഘമാണോ സുബൈറിനെ കൊലപ്പെടുത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ പ്രവർത്തനം കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ്. പ്രതികൾ കൊലപാതകത്തിന് ശേഷം കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന സംശയത്തിലാണ് പൊലീസ്. ഇന്നലെ ഉച്ചയോടെയാണ് അരും കൊലപാതകമുണ്ടായത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്.
സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും പൊലീസ് കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ കെ.കൃപേഷ് എന്നയാളുടെ പേരിലുള്ളതാണ്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ഹൈവേക്ക് അടുത്ത് കാർ കണ്ടതെന്നും സംശയം തോന്നിയതോടെ രാത്രി 10 മണിയോടെ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നുമാണ് കാറിനെ കുറിച്ച് വിവരം നൽകിയ കടയുടമ രമേശ് കുമാർ വിശദീകരിച്ചത്. കൊലപാതകം നടന്ന സ്ഥലത്ത് നിന്നും 10 കിലോമീറ്റർ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കാർ ഉപേക്ഷിച്ച് കൊലയാളിസംഘം തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ഒരു കാർ മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് കാർ അറ്റകുറ്റപ്പണിക്ക് വേണ്ടി വർക്ക്ഷോപ്പിലേക്ക് മാറ്റിയിരുന്നുവെന്നും പിന്നീട് സഞ്ജിത്ത് മരിച്ച ശേഷം കാറിനെ കുറിച്ച് അറിയില്ലെന്നുമാണ് സഞ്ജിത്തിന്റെ പിതാവ് ആറുമുഖം പറയുന്നത്.