തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലിസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മംഗലപുരം പോലിസ് സ്റ്റേഷനിലെ സി.പി.ഒ ഷബീറിനെതിരെയാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിനിടെ ബല പ്രയോഗമോ ബൂട്ടിട്ട് ചവിട്ടേണ്ട സഹാചര്യമോ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കഴക്കൂട്ടത്തായിരുന്നു സംഭവം. വിവാദമായതോടെ തിരുവനന്തപുരം റൂറല്‍ എസ്.പിയാണ് അന്വേഷണത്തിന് ഇന്നലെ ഉത്തരവിട്ടത്.
സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്കായിരുന്നു അന്വേഷണ ചുമതല. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു റൂറല്‍ എസ്.പി നിര്‍ദ്ദേശിച്ചിരുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലിസുകാരനെതിരേ തുടര്‍നടപടികള്‍ ഉണ്ടാകും. കുറ്റക്കാരനാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു ഇന്നലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്.