വീണ്ടും ഇവി അപകടം, ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

0
281

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ വീട്ടിനുള്ളിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേർപെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. തീ ആളിപ്പടർന്ന് പൊള്ളലേറ്റ് 80കാരനായ രാമസ്വാമി എന്നയാളാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൻ പ്രകാശ്, ഭാര്യ കമലമ്മ, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് പരിക്കേറ്റു.

പ്രകാശ് ഒരു വർഷമായി ഇവി സ്കൂട്ടർ ഉപയോഗിക്കുന്നയാളാണ്. അപകടത്തിൽ പ്യുവർ ഇവി നിർമ്മാതാവിനെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്യുവർ ഇവി ഖേദം പ്രകടിപ്പിച്ചു.  അഗാധമായി ഖേദിക്കുന്നുവെന്നും ഇരയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. ഈ വാഹനമോ സേവനമോ വിറ്റതിന്റെ രേഖയൊന്നും കൈവശമില്ലെന്നും വാഹനം സെക്കൻഡ് ഹാൻഡ് സെയിൽ വഴി വാങ്ങിയതാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പ്യുവർ ഇവി വ്യക്തമാക്കി.

സർക്കാർ ഈ ആശയം സജീവമായി പ്രോത്സാഹിപ്പിക്കുന്ന സമയത്താണ് ഇവി വാഹനങ്ങളെക്കുറിച്ച് വലിയ ആശങ്ക ഉയരുന്നത്. നിരവധി അപകടങ്ങളാണ് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവികൾ ഉൾപ്പെടുന്ന അപകടങ്ങളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്നും കനത്ത പിഴ ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ചും ആലോചിക്കുകയാണെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

“ഇലക്‌ട്രിക് ടൂ വീലറുകൾ ഉൾപ്പെട്ട നിരവധി അപകടങ്ങൾ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പുറത്തുവന്നിട്ടുണ്ട്. ഈ സംഭവങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത് ദൗർഭാഗ്യകരമാണ്. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശുപാർശ ചെയ്യാനും ഞങ്ങൾ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്,” – കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

ഒലയുടെ ഇ-സ്കൂട്ടറിന് തീപിടിച്ചതിന്റെ വീഡിയോ ഈ മാസം ആദ്യം ഓൺലൈനിൽ വൈറലായിരുന്നു, ഇത് സർക്കാർ അന്വേഷണത്തിന് തുടക്കമിട്ടു. സ്റ്റാർട്ടപ്പ് പ്യുവർ ഇവിയുടെ ഒരു സ്‌കൂട്ടറും കത്തിനശിക്കുകയും ഒകിനാവ ഓട്ടോടെക് പ്രൈവറ്റ് ബൈക്ക് കത്തുകയും രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കമ്പനികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here