ഹൈദരാബാദ്: ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ(എഐ.എം.ഐ.എം) നേതാവ് അക്ബറുദ്ദീൻ ഉവൈസി 2012ലെ രണ്ട് വിദ്വേഷ പ്രസംഗക്കേസുകളിൽ കുറ്റവിമുക്തനായി. ഹൈദരാബാദ് നാമ്പള്ളിയിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക സെഷൻസ് കോടതിയുടേതാണ് വിധി. 2012 ഡിസംബറിൽ നിർമൽ, നിസാമാബാദ് ജില്ലകളിൽ തെലങ്കാന നിയമസഭയിലെ എഐ.എം.ഐ.എം കക്ഷി നേതാവായ അക്ബറുദ്ദീൻ നടത്തിയ, ഏറെ കോളിളക്കം സൃഷ്ടിച്ച പ്രസംഗങ്ങൾക്കെതിരെയായിരുന്നു കേസുണ്ടായിരുന്നത്.
2012 ഡിസംബർ എട്ടിന് നിസാമാബാദിലും ഡിസംബർ 22ന് നിർമലിലും നടന്ന പരിപാടികളിലായിരുന്നു പാർട്ടി യുവനേതാവ് കൂടിയായ അക്ബറുദ്ദീൻ ഉവൈസിയുടെ വിവാദ പ്രസംഗം. അന്ന് വിദ്വഷ പ്രസംഗക്കുറ്റം ചുമത്തി ഹൈദരാബാദ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.
നിസാമാബാദ് പ്രസംഗം കുറ്റാന്വേഷണ വിഭാഗവും നിർമൽ കേസ് ജില്ലാ പൊലീസുമാണ് അന്വേഷിച്ചിരുന്നത്. രണ്ടു കേസിലും അന്വേഷണസംഘങ്ങൾ 2016ൽ കുറ്റപത്രം സമർപ്പിച്ചു. പിന്നീട് 2019ലും അക്ബറുദ്ദീനെതിരെ തെലങ്കാനയിലെ കരീംനഗർ, ഹൈദരാബാദ് കോടതികളിൽ വിദ്വേഷ പ്രസംഗം ആരോപിച്ച് രണ്ട് പരാതികൾ സമർപ്പിക്കപ്പെട്ടിരുന്നു. 2012ലെ തന്റെ 15 മിനിറ്റ് അടിയുടെ ആഘാതത്തിൽനിന്ന് ആർ.എസ്.എസിന് ഇനിയും മുക്തമാകാനായിട്ടില്ലെന്ന് 2019ൽ കരീംനഗറിൽ നടത്തിയ പ്രസംഗത്തിൽ അക്ബറുദ്ദീൻ ഉവൈസി പരിഹസിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു പരാതികൾ.
Alhamdulilah Akbaruddin Owaisi has been acquitted by MP/MLA Special Court in two criminal cases against him for alleged hate speeches. Grateful to all for their prayers & support. Special thanks to Advocate Abdul Azeem sb & senior lawyers who provided their valuable assistance
— Asaduddin Owaisi (@asadowaisi) April 13, 2022
എന്നാൽ, രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി തൻരെ പ്രസംഗം ചിലർ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് വിദ്വേഷ പ്രസംഗക്കേസുകളെക്കുറിച്ച് അക്ബറുദ്ദീൻ ഉവൈസി കോടതിയിൽ വാദിച്ചത്. താൻ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഉവൈസി വ്യക്തമാക്കി.