കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
ഈ മാസം 22 നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പീഡന പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെ ആരോപണം നിഷേധിച്ച് വിജയ് ബാബു രംഗത്തെത്തിയിരുന്നു. പരാതിക്കാരിയുടെ പേരടക്കം വെളിപ്പെടുത്തിയായിരുന്നു ഫേസ്ബുക്ക് ലൈവ്. ഇതോടെയാണ് പൊലീസ് ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസെടുക്കാൻ തീരുമാനിച്ചത്. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിർമ്മാതാവായ വിജയ് ബാബു നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.