ലീഗ് തിരുത്തലിന് തയ്യാറായാല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫാത്തിമ തെഹ്ലിയയും മുഫീദയും

0
271

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ തിരുത്തലിന് തയ്യാറായാല്‍ വീണ്ടും പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തെഹലിയും മുഫീദ തെന്‍സിയും. പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി ഹരിത നേതാക്കള്‍ നല്‍കിയ കേസ് പിന്‍വലിക്കില്ല. എല്ലാവരെയും ഉള്‍കൊണ്ട് മുന്നോട്ടുപോകുമെന്ന ലീഗ് സംസ്ഥാന പ്രസിഡന്റ് വാക്കുകള്‍ ശുഭാപ്തിവിശ്വാസം നല്‍കുന്നു. എന്നാല്‍പ്രശ്‌നപരിഹാരത്തിന് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും മുന്‍ ഹരിത നേതാക്കള്‍ പറഞ്ഞു. സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

മുസ്ലിം ലീഗില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ഹരിത വിവാദം. എംഎസ്എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുള്ള ഹരിത നേതാക്കളുടെ പരാതിയില്‍ നടപടിയെടുത്താത്തതോടെ ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചു. പിന്നീട് എംഎസ്എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ പൊലീസ് കേസ് എടുത്തു. ഹരിത പ്രവര്‍ത്തകരുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കേസ്. ലൈംഗിക ചുവയുള്ള സംസാരത്തിന് 354(അ)വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗീക അധിക്ഷേപം നടത്തിയെന്ന് കാണിച്ചാണ് ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. ആദ്യം ലീഗ് നേതൃത്തിനായിരുന്നു ഹരിതാ നേതാക്കള്‍ പരാതി നല്‍കിയത്. ഈ പരാതി നേതൃത്വം അവഗണിച്ചതോടെയാണ് ഹരിതയിലെ 10 വനിതാ നേതാക്കള്‍ കമ്മീഷനെ സമീപിച്ചത്.

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്റെയും പ്രതികരണം.

എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ഹരിതാ നേതാക്കള്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here