രാഷ്ട്രീയക്കാരെ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് വേട്ടയാടുന്നതിനു പകരം വിലക്കയറ്റം നിയന്ത്രിക്കാൻ നോക്കൂ- കേന്ദ്രത്തോട് മമത ബാനർജി

0
171

കൊൽക്കത്ത: അവശ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും അടിക്കടിയുള്ള വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം നയം കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു.

രാജ്യത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കിൽ വരുംദിവസങ്ങളിൽ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ സംസ്ഥാന സർക്കാരുകൾക്കാകില്ല. സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി കുടിശ്ശിക നൽകണം. രാഷ്ട്രീയക്കാരെ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് വേട്ടയാടുന്നതിനു പകരം വിലക്കയറ്റം നിയന്ത്രിക്കാൻ വഴികൾ കണ്ടെത്തുകയാണ് ബി.ജെ.പി സർക്കാർ ചെയ്യേണ്ടതെന്നും മമത ബാനർജി ആവശ്യപ്പെട്ടു.

ദിനംപ്രതിയെന്നോണം രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മമതയുടെ വിമർശനം. പെട്രോൾ, ഡീസൽ വിലയ്ക്കു പിന്നാലെ പാചക വാതകത്തിന്റെ വിലയും കൂട്ടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടിയിരുന്നു. 15 ദിവസത്തിനിടെ ഒരു ലിറ്റർ പെട്രോളിന് 10 രൂപ 89 പൈസയും ഡീസലിന് 10 രൂപ 52 പൈസയുമാണ് കൂട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here