രാജസ്ഥാനിലെ കരൗലിയില്‍ വര്‍ഗീയ സംഘര്‍ഷം; കര്‍ഫ്യൂ പ്രഖ്യാപിച്ച് സര്‍ക്കാര്‍, ഇന്റര്‍നെറ്റും വിച്ഛേദിച്ചു

0
373

ജയ്പൂര്‍: രാജസ്ഥാനിലെ കരൗലിയില്‍ വര്‍ഗീയ സംഘര്‍ഷം. ഹിന്ദു കലണ്ടര്‍ പ്രകാരമുള്ള ആദ്യദിനമായ നവ സംവത്സറില്‍ മുസ്‌ലിം ആധിപത്യപ്രദേശത്തു കൂടി പോയ ബൈക്ക് റാലിയിലാണ് സംഘര്‍ഷമുണ്ടായിത്. സംഘര്‍ഷത്തിനിടയില്‍ നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിട്ടു. സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

42 പേര്‍ക്ക് പരിക്കേറ്റുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂരിഭാഗം പേര്‍ക്കും നിസാര പരിക്കുകളാണ് ഉള്ളത്. ഇവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. 10 പേരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. നില ഗുരുതരമായ ഒരാളെ ജയ്പൂരിലെ എസ്.എം.എസ് ഹോസ്പിറ്റലിലേക്ക് മാറ്റി.

സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും എ.ഡി.ജി. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ലോ ആന്‍ഡ് ഓര്‍ഡര്‍ ഹവ സിംഗ് ഘുമാരിയ ശനിയാഴ്ച പറഞ്ഞു. തിങ്കളാഴ്ച രാത്രി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

‘ഹിന്ദു സംഘടനകള്‍ ഹിന്ദു പുതുവര്‍ഷത്തോടനുബന്ധിച്ച് നടത്തിയ ബൈക്ക് റാലി ഒരു പള്ളിക്ക് സമീപം എത്തിയപ്പോള്‍ ചില അക്രമികള്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് മറുവശത്തുനിന്നും കല്ലേറുണ്ടായി. ഇത് അക്രമത്തിലേക്കും തീവെപ്പിലും കലാശിച്ചു,’ അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 3 അര്‍ധരാത്രി വരെ ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കും.

മുഖ്യമന്ത്രി അശോക് ഗെലോട്ട് ഡി.ജി.പിയുമായി സംസാരിക്കുകയും കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമാധാനം നിലനിര്‍ത്താന്‍ ഗെലോട്ട് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ബൈക്ക് റാലിക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ ആരോപിച്ചു.

”കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രീണന നയം മൂലമാണ് ഇത് സംഭവിച്ചത്. ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഹിന്ദു പുതുവത്സര ദിനത്തില്‍ സംഘടിപ്പിച്ച ബൈക്ക് റാലിക്ക് നേരെയുള്ള ആസൂത്രിത ആക്രമണമായിരുന്നു അത്,’ പൂനിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here