ലഖ്‌നൗ: ഉത്തര്‍പ്രദേശ് എംഎല്‍സിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. 36 സീറ്റില്‍ 33 സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. 9 സീറ്റുകളില്‍ ബിജെപിക്ക് എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. വലിയ വിജയം നേടി മുന്നേറ്റം നടത്തിയപ്പോഴും മോദിയുടെ മണ്ഡലമായ വാരണാസിയിലെ പരാജയം ബിജെപിക്ക് തിരിച്ചടിയായി. മണ്ഡലത്തില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വാരണാസിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അന്നപൂര്‍ണ സിങ് ആണ് വിജയിച്ചത്. ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ബ്രിജേഷ് കുമാര്‍ സിങിന്റെ ഭാര്യയാണ് അന്നപൂര്‍ണ സിങ്. എസ്പി സ്ഥാനാര്‍ത്ഥിയായ ഉമേഷ് യാദവാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാര്‍ത്ഥി ഡോ. സുധമ പട്ടേലിന് 170 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
അതേസമയം, ഡോ. കഫീല്‍ ഖാന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് വാര്‍ത്താ പ്രാധാന്യം നേടിയ ഡിയോറിയ-കുഷിനഗര്‍ സീറ്റിലും ബിജെപിയാണ് വിജയിച്ചത്. എസ്പി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു കഫീല്‍ ഖാന്‍ ഡിയോറിയ-കുഷിനഗര്‍ മണ്ഡത്തില്‍ മത്സരരംഗത്ത് ഇറങ്ങിയത്. നൂറ് സീറ്റുകളുള്ള യുപി എംഎല്‍സിയില്‍ 37 സീറ്റുകളായിരുന്നു ഒഴിവ് വന്നിരുന്നത്. 36 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 58 ജില്ലകളിലെ 27 തദ്ദേശ സ്ഥാപനങ്ങളിലായിട്ടായിരുന്നു സീറ്റുകള്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 98.77 ശതമാനമായിരുന്നു പോളിങ് ശതമാനം.