ഇനിമുതല്‍ ടോള്‍ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാകും. ടോള്‍ നിരക്കും,സ്ഥലവും തുടങ്ങി എല്ലാവിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ അറിയാം. ഇന്ത്യ,ഇന്‍ഡോനേഷ്യ,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുക. ഇതോടെ ഏതുവഴി തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാം. ടോള്‍ നിരക്കും മുന്‍കൂട്ടി അറിയാന്‍ സാധിക്കും. പ്രാദേശിക അധികൃതരില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സേവനം ഒരുക്കിയത്.
ഫാസ്ടാഗ് പോലുള്ള ടോള്‍ പേമെന്റ് സേവനങ്ങളുടെ സഹായത്തോടെയാണ് ഗൂഗിള്‍ വിവിധ ടോള്‍ പിരിവ് കേന്ദ്രങ്ങളിലെ നിരക്കുകള്‍ അറിയുക. അത് വിശകലനം ചെയ്ത് ഉപഭോക്താവ് ടോള്‍ കടക്കുന്ന സമയത്തെ നിരക്ക് കണക്കാക്കാന്‍ ഗൂഗിള്‍ മാപ്പിന് സാധിക്കും.
ഇന്ത്യയിലെ 2000ത്തോളം ടോള്‍ റോഡുകളിലെ നിരക്കുകള്‍ ഈ മാസം തന്നെ ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍ ലഭ്യമാവും.
അടുത്തിടെ രാജ്യത്ത് ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. ദേശീയപാതകളിലെ ടോള്‍ നിരക്കില്‍ 10 രൂപ മുതല്‍ 65 രൂപ വരെയാണ് അധികം നല്‍കേണ്ടത്. സംസ്ഥാനത്തെ വിവിധ റോഡുകളില്‍ 10 ശതമാനം വരെയാണ് ടോള്‍ നിരക്ക് കൂട്ടിയത്. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ കാറിന് 135 രൂപയില്‍ നിന്ന് 150 രൂപയാക്കി ഉയര്‍ത്തി. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധനയില്ല.