സോഷ്യൽ മീഡിയയും (Social Media) ഇന്റർനെറ്റുമാണ് (Internet) ഇക്കാലത്ത് എല്ലാം ആളുകളിൽ എത്തിക്കുന്ന ഇടം. വ്യത്യസ്ത വിഷയങ്ങളിൽ വീഡിയോകളും ചിത്രങ്ങളും കുറിപ്പുകളുമൊക്കെ ഇവിടെ ദിവസവും വൈറലാകാറുണ്ട് (Viral). ഒരു ദിവസം വൈറലായതിൽ നിന്ന് തീർത്തും വ്യത്യസ്തമായ വിഷയങ്ങളായിരിക്കും അടുത്ത ദിവസം ഇന്റർനെറ്റ് ലോകത്തെ ഇളക്കിമറിക്കുക. ഒരു സ്ത്രീ ഒരു വലിയ ഗ്ലാസ് ഷീറ്റ് (Glass Sheet) മുറിക്കുന്നതിൻെറ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാവുന്നത്. കേക്കോ മറ്റോ മുറിക്കുന്ന ലാഘവത്തോടെയാണ് ഇവർ ഗ്ലാസ് മുറിക്കുന്നത്. അത്ര അനായാസമായാണ് ഗ്ലാസ് കഷ്ണങ്ങളായി മുറിച്ച് മാറ്റുന്നത്.
ടെക് എക്സ്പ്രസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അത്ഭുതകരമായ നിരവധി വീഡിയോകൾ ഈ പേജ് ഷെയർ ചെയ്യാറുണ്ട്. ലോകത്തെമ്പാടും നിരവധി ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം പേജാണിത്. ഒരു ഗ്ലാസ് ഫാക്ടറിയിൽ രണ്ട് ജീവനക്കാർ ഗ്ലാസ് മുറിക്കുന്നതാണ് വീഡിയോയിലുള്ളത്. വലിയ ഷീറ്റ് ഗ്ലാസ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുകയാണ് ചെയ്യുന്നത്.
ഒരു സ്ത്രീയും പുരുഷനുമാണ് ജോലി ചെയ്യുന്നത്. ഒരു വലിയ ഗ്ലാസ് ഷീറ്റ് ടേബിളിൽ ഇട്ടിട്ടുണ്ട്. വനിതാ ജീവനക്കാരി ഈ വലിയ ഷീറ്റ് മുറിക്കാൻ തുടങ്ങുന്നു. ഈ ജോലി ചെയ്ത് നന്നായി പരിചയമുള്ളതിന്റെ വഴക്കം അവരുടെ ചലനത്തിലുണ്ട്.
അനായാസമായി അവർ അളവെടുത്ത് വലിയ ഷീറ്റിൽ നിന്ന് ചെറിയ ഷീറ്റുകൾ മുറിച്ചെടുക്കുന്നു. കൂടെയുള്ള പുരുഷ ജീവനക്കാരൻ ഓരോ ഗ്ലാസ് പീസും മാറ്റിവെക്കുകയും ചെയ്യുന്നു. സ്ത്രീ ഗ്ലാസ് കട്ട് ചെയ്യുന്നത് കണ്ടാൽ കേക്ക് മുറിക്കുകയാണെന്നാണ് തോന്നുക. അത്ര ലാഘവത്തോടെയാണ് അവരിത് ചെയ്യുന്നത്. ഗ്ലാസ് ആയതിനാൽ കൈകൾ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാൽ അപകടം ഉറപ്പാണ്. എന്നാൽ പലതവണ ചെയ്ത് പരിശീലിച്ചതിനാൽ യുവതിയെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമുള്ള ജോലിയായി ഇത് മാറിയിട്ടുണ്ടെന്ന് വീഡിയോ കണ്ടാൽ വ്യക്തമാകും.