തിരുവനന്തപുരം∙ മാസ്ക് ധരിക്കുന്നതു സർക്കാർ നിർബന്ധമാക്കിയതോടെ വ്യാഴാഴ്ച മുതൽ പൊലീസ് പരിശോധന ആരംഭിക്കും. മാസ്ക് ധരിക്കാത്തവരിൽനിന്ന് 500 രൂപ പിഴ ഈടാക്കും. കോവിഡിന്റെ ആദ്യ തരംഗത്തിൽ 200 രൂപയായിരുന്ന പിഴ പിന്നീട് 500 ആക്കി ഉയർത്തുകയായിരുന്നു.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണു മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്. പരിശോധന പുനരാരംഭിക്കാനും പിഴ ഈടാക്കാനും ജില്ലാ പൊലീസ് മേധാവികൾക്കു നിർദേശം നൽകി.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയും രാത്രികാല പരിശോധനയും തുടർന്നേക്കും. ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഡിജിപി ഉത്തരവിറക്കും. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ രണ്ടു വർഷത്തോളം ഇത്തരം പരിശോധനകൾ നിർത്തിയിരുന്നു.