തൃക്കരിപ്പൂര്‍: മസ്ജിദ് ഉദ്ഘാടനത്തില്‍ വേറിട്ടതായി മതസൗഹാര്‍ദ്ദ കാഴ്ച. തങ്കയം ഇസ്സത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മറ്റിയുടെ ചൊവ്വേരിയിലുള്ള ബദര്‍ മസ്ജിദ് ഉദ്ഘാടന ചടങ്ങിലാണ് മാതൃകാ സൗഹൃദം.
മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച സൗഹൃദ സംഗമവേദിയുടെ പേര് ‘ചക്കരേന്‍ നാരായണന്‍’ എന്നായിരുന്നു. പരേതനായ ചക്കരേന്‍ നാരായണന് പള്ളി കമ്മറ്റിയുമായുള്ള ബന്ധം പുതുതലമുറക്ക് അറിയില്ല.
1970കളില്‍ പായ് വഞ്ചിയില്‍ മരുഭൂമിയിലേക്ക് തൊഴില്‍ തേടിപ്പോയ അനേകം പ്രവാസികളില്‍ ഒരാളാണ് നാരായണന്‍. ഷാര്‍ജയിലെ തീരത്ത് എത്തിപ്പെട്ട നാരായണന്‍ തങ്കയത്തെ സുഹൃത്തുക്കളോടൊപ്പം വിവിധ ജോലികളില്‍ ഏര്‍പ്പെട്ടു.
‘തങ്കയം ഹൗസ്’ കൂട്ടായ്മയുടെ ഭാഗമാവുന്നത് അങ്ങനെയാണ്. കമ്മറ്റിയുടെ കണക്കുകള്‍ പരിശോധിക്കുന്നതും മറ്റും നാരായണന്റെ ചുമതലയായിരുന്നു. 1978-79 വര്‍ഷത്തില്‍ തങ്കയം ജമാഅത്തിന്റെ ദുബൈ കമ്മറ്റി രൂപവല്‍ക്കരിച്ചപ്പോള്‍ ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റു. തന്റെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ച നാരായണനെ പലരും വലിയോന്‍ എന്നാണ് വിളിച്ചിരുന്നത്.
പ്രവാസം മതിയാക്കി നാട്ടിലെത്തിയ നാരായണന്‍ കൃഷിയുമായി കഴിഞ്ഞുകൂടുകയായിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈ മൂന്നിനാണ് അദ്ദഹം മരിച്ചത്. കെ.പി.ഭവാനിയാണ് ഭാര്യ. മക്കള്‍: രജനീഷ്(കെ.എസ്.ആര്‍.ടി.സി), രജനി(സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍)