മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവായില്ല, പ്രചരിച്ച റിപ്പോർട്ടുകൾ വ്യാജം; യഥാർത്ഥ കണക്കുകൾ പുറത്ത്

0
291

പാലക്കാട്: കൂമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവായെന്ന രീതിയിൽ പ്രചരിച്ച റിപ്പോർട്ടുകൾ വ്യാജം. 17,315 രൂപ മാത്രമാണ് ഇരുപത്തിമൂന്നുകാരനായ ബാബുവിനുവേണ്ടി പൊതു ഫണ്ടിൽ നിന്ന് ചെലവാക്കിയിട്ടുള്ളൂവെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു.

ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റു രക്ഷാപ്രവർത്തകരുടെയും ഭക്ഷണത്തിനുവേണ്ടിയാണ് 17,315 ചെലവാക്കിയത്. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയെ കളക്ടർ അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാബുവും രണ്ട് സുഹൃത്തുക്കളും ചേർന്ന് മലകയറിയത്. കുത്തനെയുള്ള മല കയറാൻ കഴിയാത്തതിനാൽ സുഹൃത്തുക്കൾ പാതിയിൽ തിരിച്ചിറങ്ങുകയായിരുന്നു. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. തിരിച്ചിറങ്ങവേയാണ് കാൽവഴുതി മലയിടുക്കിലേക്ക് വീണത്.

യുവാവ് ഫോൺ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കൾ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവർ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സൈന്യവും എൻഡിആർഎഫും സ്ഥലത്തെത്തി, നാൽപത്തിയാറ് മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here