2009ൽ ബിഹാറിൽ നിന്നും കാണാതായ 23കാരൻ 12 വർഷങ്ങൾക്ക് ശേഷം പാക്കിസ്ഥാൻ ജയിലിൽ നിന്നും തിരിച്ചെത്തി. ഇയാൾ മരിച്ചെന്ന് കരുതിയ വീട്ടുകാർക്ക് തിരിച്ചുവരവ് വലിയ അദ്ഭുതമായി. ബക്സർ ജില്ലയിലെ ഛവി മുസാഹർ എന്ന യുവാവാണ് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. 2007ൽ ഇയാൾ വിവാഹം കഴിച്ചിരുന്നു. ഭർത്താവ് മരിച്ചെന്ന് കരുതി ഭാര്യ രണ്ടാമതും വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ തന്റെ മകൻ തിരിച്ചുവരുമെന്ന് വിശ്വസിച്ച ഏക വ്യക്തി മുസാഹറിന്റെ അമ്മ ബിർത്തി ദേവിയായിരുന്നു.
യുവാവിനെ കാണാതായ സമയം പൊലീസ് സ്റ്റേഷനിൽ അടക്കം പരാതി നൽകിയിരുന്നു. വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെ 2011ൽ ഇയാൾ മരിച്ചെന്ന് സങ്കൽപ്പിച്ച് ബന്ധുക്കൾ ചടങ്ങുകൾ പൂർത്തിയാക്കി. ഒരു യാത്രക്കിടെ ട്രെയിൻ മാറി കയറിയതാണ് തന്റെ ജീവിതത്തിന്റെ തന്നെ ഗതി മാറ്റിയതെന്ന് അദ്ദേഹം പറയുന്നു. പഞ്ചാബിൽ ചെന്നിറങ്ങിയ യുവാവ്. ഒടുവിൽ അബദ്ധത്തിൽ പാക്കിസ്ഥാൻ അതിർത്തി കടക്കുകയായിരുന്നു. പിന്നീട് ഒരുവർഷക്കാലം കൂലിപ്പണിക്കാരനായി ജോലി ചെയ്തു. എന്നാൽ ഒടുവിൽ ഇയാളെ പാക് പൊലീസ് അറസ്റ്റ് ചെയ്തു കറാച്ചി ജയിലിൽ അടച്ചു. 2021 ഡിസംബറിലാണ് അദ്ദേഹം പാകിസ്ഥാനിലെ ജയിലിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വിവരം ലഭിക്കുന്നത്.പിന്നീടാണ് ഇയാളെ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിച്ചത്.