മത്സരത്തിനിടെ കലിപ്പിച്ച് റിഷഭ് പന്ത്; കളി മതിയാക്കി മടങ്ങിവരാൻ ബാറ്റർമാർക്ക് നിർദ്ദേശം; പിന്നെ നടന്നത് ക്രിക്കറ്റിന് വരെ നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ

0
325

മുംബയ്: രാജസ്ഥാൻ റോയൽസിനെതിരായ ഐ പി എൽ മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്ത് അധികൃതരുമായി വാഗ്വാദത്തിലേർപ്പെട്ടു. ജയിക്കാൻ 20 ഓവറിൽ 223 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹിക്ക് ഒബെദ് മക്‌ക്കോയി എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ ആറു പന്തിൽ 36 റൺസ് വേണമായിരുന്നു.

ഓവറിലെ ആദ്യ രണ്ട് പന്തുകളും സിക്സർ അടിച്ച റോമാൻ പവൽ മൂന്നാമത്തെ പന്തും സിക്സർ അടിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മൂന്നാമത്തെ പന്ത് ഇടുപ്പിന് മുകളിലായിരുന്നെന്നും അതിന് നോബാൾ അനുവദിക്കണമെന്നുമായിരുന്നു റിഷഭ് പന്തിന്റെ ആവശ്യം. എന്നാൽ പന്തിന്റെ ആവശ്യത്തോട് വഴങ്ങാൻ അമ്പയർമാർ തയ്യാറായില്ല. ക്രീസിൽ നിന്നിരുന്ന കുൽദീപ് യാദവ് അമ്പയർമാരോട് സംസാരിച്ചെങ്കിലും തങ്ങളുടെ തീരുമാനം മാറ്രാൻ അമ്പയർമാർ തയ്യാറായില്ല.

ഇതിൽ ക്ഷുഭിതനായ പന്ത് പവലിനോടും കുൽദീപിനോടും കളി മതിയാക്കി മടങ്ങിവരാൻ ആവശ്യപ്പെട്ടു. എന്നാൽ താരങ്ങൾ മടങ്ങിവരുന്നില്ലെന്ന് കണ്ടതോടെ തന്റെ പരിശീലന സംഘത്തിലെ ഒരാളെ അമ്പയർമാരോട് സംസാരിക്കുന്നതിന് വേണ്ടി പന്ത് ഗ്രൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നു. ക്രിക്കറ്റിൽ മത്സരത്തിനിടെ ഗ്രൗണ്ടിൽ പ്രവേശിക്കാൻ പരിശീലകന് അനുവാദം ഇല്ലെന്നിരിക്കെയാണ് ഡൽഹി ക്യാപിറ്രൽസിന്റെയും നായകൻ റിഷഭി പന്തിന്റെയും നീക്കം.

റീപ്ളേകളിൽ ആ പന്ത് നോബാൾ അയിരുന്നെന്ന് വ്യക്തമായിരുന്നു. എങ്കിലും മത്സരത്തിനിടെ താരങ്ങളെ മടക്കി വിളിച്ച റിഷഭ് പന്തിന്റെ തീരുമാനം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാകുമെന്നുറപ്പാണ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 15 റൺസിന് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here