മലപ്പുറം: പൊന്നാനിയിൽ കുഴൽപ്പണം കടത്തിയ കേസിൽ 38 കാരൻ അറസ്റ്റിൽ. വേങ്ങര സ്വദേശി അഷറഫ് (38) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 5 ലക്ഷത്തിന്റെ കുഴൽപണം പോലീസ് പിടികൂടി. കളഞ്ഞ് പോയ പണം തിരികെ വാങ്ങാനായി എത്തിയപ്പോഴാണ് ഇയാൾ കുടുങ്ങിയത്.
കുഴൽപണവുമായി പോകുന്ന വഴി ഇയാളുടെ പക്കൽ നിന്നും 43000 രൂപ വഴിയിൽ വീണുപോയിരുന്നു. ഈ പണം കിട്ടിയ ആംബൂലൻസ് അസോസിയേഷൻ അത് പൊലീസ് സ്റ്റേഷനിൽ എൽപിച്ചു. ഇതറിഞ്ഞ അഷ്റഫ് പണം തിരിച്ചു വാങ്ങാനായി പൊലീസ് സ്റ്റേഷനിൽ എത്തി. മൊബൈൽ എടുത്തപ്പോൾ കീശയിൽ നിന്നും വീണുപോയി എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇതിന് മുമ്പ് കുഴൽപ്പണം കടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് തെളിഞ്ഞു.
ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ വാഹനത്തിലും ശരീരത്തിലും ഒളിപ്പിച്ച നിലയിൽ അഞ്ച് ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു.കണ്ടുകിട്ടിയ പണം പൊന്നാനി കോടതിയിൽ ഹാജരാക്കി.മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരാഴ്ചക്കിടയിൽ നിരവധി കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന് പുറമെ എസ്‌ഐ തോമസ്, എഎസ്ഐ പ്രവീൺ കുമാർ, റൈറ്റർ പ്രജീഷ്, സി.പി.ഒമാരായ അനിൽ കുമാർ ,പ്രിയ എന്നിവരടങ്ങുന്ന സംഘമാണ് കുഴൽപണം പിടികൂടിയത്.