ബീസ്റ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട തമിഴ്നാട് മുസ്‌ലിം ലീഗിന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗുമായി ബന്ധമില്ല

0
342

ചെന്നൈ: വിജയ് ചിത്രം ‘ബീസ്റ്റി’ന്റെ റിലീസ് തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട തമിഴ്നാട് മുസ്‌ലിം ലീഗിന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം
ലീഗുമായി ബന്ധമില്ല. തമിഴ്‌നാട് മാനില മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിയുടെ നേതാവിന്റെ പ്രസ്താവനയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റേതെന്ന തെറ്റിദ്ധാരണയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സിനിമയുടെ ബാന്‍ ആവശ്യപ്പെട്ടത് തമിഴ്‌നാട് മുസ്‌ലിം ലീഗ്(TNML)എന്ന പാര്‍ട്ടിയും അതിന്റെ സ്ഥാപക നേതാവ് കൂടിയായ വി.എം.എസ് മുസ്തഫ എന്നയാളാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു സംഘടന തമിഴ്നാട് മുസ്‌ലിം ലീഗ്.

ചിത്രത്തില്‍ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാരോപിച്ചാണ് വി.എം.എസ് മുസ്തഫ കത്ത് നല്‍കിയത്. ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്‌ലിങ്ങള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണ്. ബീസ്റ്റ് പ്രദര്‍ശനത്തിനെത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്ക് നയിക്കുമെന്നും കത്തില്‍ പറയുന്നു.

നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 14 നാണ് ബീസ്റ്റിന്റെ റിലീസ്.

ഏപ്രില്‍ രണ്ടിന് ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്ത് വന്നിരുന്നു. ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനെയാണ് ട്രെയ്ലറില്‍ കാണിക്കുന്നത്.

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍. നിര്‍മല്‍. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here