ബലാത്സംഗ കേസിലെ പ്രതികളെ പൊക്കാൻ വീണ്ടും ബുൾഡോസർ; വീടിന്റെ ഒരുഭാ​ഗം ഇടിച്ചുനിരത്തി യുപി പൊലീസ്; പിന്നാലെ അറസ്റ്റ് (വീഡിയോ)

0
340

ലഖ്‌നൗ: ഒളിവിൽ കഴിയുന്ന പ്രതികളെ പൊക്കാൻ ബുൾഡോസറുമായി വീണ്ടും രം​ഗത്തിറങ്ങി ഉത്തർപ്രദേശ് പൊലീസ്. ബലാത്സംഗ കേസിലെ പ്രതികളെ പിടികൂടാനാണ് ഇത്തവണ ബുൾഡോസറുമായി പൊലീസ് പ്രതികളുടെ വീട്ടിലെത്തിയത്. സഹാറൻപുരിലാണ് ബലാത്സംഗ കേസിലെ പ്രതികളും സഹോദരൻമാരുമായ മുഹമ്മദ് സലിം, മുഹമ്മദ് ആമിർ എന്നിവരെ പിടികൂടാൻ പൊലീസ് എത്തിയത്.

പ്രതികളുടെ വീടിന് മുന്നിൽ ബുൾഡോസറുമായെത്തിയ പൊലീസ് സംഘം, വീടിന്റെ ഒരു ഭാഗം തകർത്തു. 48 മണിക്കൂറിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ വീട് മുഴുവൻ തകർക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതിനുപിന്നാലെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിവിൽ പോയ പ്രതികളെ പിടികൂടുകയും ചെയ്തു.

കഴിഞ്ഞ ഡിസംബറിലാണ് പ്രതികളിലൊരാൾ പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തത്. ഇതിനു പിന്നാലെ തന്നെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി പ്രതിയോട് ആവശ്യപ്പെട്ടു. 18 വയസ് തികയുമ്പോൾ വിവാഹം കഴിക്കണമെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം. ഇതിൽ പ്രകോപിതനായ പ്രതിയും സഹോദരനും പെൺകുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്തു. ആരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഇനി വിവാഹക്കാര്യം ആവർത്തിച്ചാൽ ഇതിലും വലിയ ക്രൂരത നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി.

സംഭവമറിഞ്ഞതോടെ പെൺകുട്ടിയുടെ മാതാവ് പ്രതികളുടെ പിതാവായ ഗ്രാമമുഖ്യനെ കണ്ട് പരാതി അറിയിച്ചു. എന്നാൽ ഗ്രാമമുഖ്യൻ തന്നോട് മോശമായി പെരുമാറിയെന്നും ഉപദ്രവിച്ചെന്നുമാണ് ഇവരുടെ ആരോപണം. പൊലീസിൽ പരാതി നൽകിയാൽ പെൺകുട്ടിയെയും മാതാവിനെയും കൊല്ലുമെന്നും ഗ്രാമമുഖ്യൻ ഭീഷണിപ്പെടുത്തി. തുടർന്നാണ് ഇവർ പൊലീസിനെ സമീപിച്ചത്.

ബലാത്സംഗ പരാതി ലഭിച്ചതിന് പിന്നാലെ പ്രതികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർ ഒരിക്കൽപോലും പ്രതികരിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് പ്രതികളെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

ബുൾഡോസറുമായി പ്രതികളുടെ വീട്ടിലെത്തിയ പൊലീസ് സംഘം, വീട്ടിലേക്കുള്ള ഗോവണിയാണ് തകർത്തത്. പിന്നാലെ 48 മണിക്കൂറിനുള്ളിൽ കീഴടങ്ങണമെന്നും ഇല്ലെങ്കിൽ വീട് മുഴുവൻ തകർക്കുമെന്ന് മുന്നറിയിപ്പും നൽകി. ഗ്രാമത്തിലുടനീളം ഇക്കാര്യം വിളിച്ചു പറയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി രണ്ട് പ്രതികളും പൊലീസിന്റെ പിടിയിലായത്. ഒരു ഇൻഫോർമറിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്നാണ് പൊലീസിന്റെ പ്രതികരണം.

ബുൾഡോസർ ഉപയോഗിച്ച് പൊലീസ് വീട് തകർക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. താൻ നിയമത്തിന് മുകളിലാണെന്നാണ് ഗ്രാമമുഖ്യൻ കരുതിയിരുന്നത്. അങ്ങനെയല്ലെന്ന് അദ്ദേഹത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് സംഭവത്തെക്കുറിച്ച് പൊലീസ് ഇൻസ്‌പെക്ടർ സതേന്ദ്ര റായ് പ്രതികരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here