വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനായി ഗ്രൂപ്പ് ചാറ്റുകളിൽ ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ പങ്കിടുന്നതിന് പരിധി ഏര്‍പ്പെടുത്തി വാട്സ്ആപ്പ്. ആൻഡ്രോയിഡ്, ഐ.ഒ.എസ് എന്നിവയിലെ ബീറ്റാ പതിപ്പില്‍ പുതിയ അപ്ഡേഷന്‍ ഇതിനകം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
ഒരേസമയം ഒന്നിൽ കൂടുതൽ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ അയക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നതാണ് പുതിയ പതിപ്പ്. ഫോര്‍വേഡ് സന്ദേശങ്ങള്‍ ഒന്നില്‍കൂടുതല്‍ ഗ്രൂപ്പുകളിലേക്ക് അയക്കാന്‍ ശ്രമിച്ചാല്‍, “ഫോർവേഡ് ചെയ്‌ത സന്ദേശങ്ങൾക്ക് ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയക്കാൻ കഴിയൂ” എന്ന ഒരു ഓൺ-സ്‌ക്രീൻ സന്ദേശം ലഭിക്കും.

വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള പ്രാഥമിക ഉറവിടമായാണ് ഫോർവേഡ് സന്ദേശങ്ങൾ പലപ്പോഴും വിലയിരുത്തപ്പെടുന്നത്. അതിനാൽ, പുതിയ അപ്‌ഡേഷന്‍ ഇതിനുള്ള നിയന്ത്രണമായാണ് കണക്കാക്കുന്നത്. ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് മാത്രമാണ് നിയന്ത്രണം. അതേസമയം മറ്റുതരത്തിലുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല.
അതേസമയം നിരവധി ഇന്ത്യൻ അക്കൗണ്ടുകൾ കഴിഞ്ഞ ഫെബ്രുവരിയിൽ നിരോധിച്ചതായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം മാത്രം 335 പരാതികളാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. വാട്സ്ആപ്പിലെ മറ്റ് ഉപയോക്താക്കളെ ഉപദ്രവിക്കൽ, വ്യാജ വാർത്തകൾ കൈമാറൽ, തെറ്റായ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച അക്കൗണ്ടുകൾ തുടങ്ങിയവയാണ് നിരോധിച്ചത്.