മലയാളി അതിസമ്പന്നരില്‍ രവി പിള്ളയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് ബൈജു രവീന്ദ്രന്‍: ഒന്നാമത് എംഎ യൂസഫലി

0
276

ഫോബ്സിന്റെ 2022ലെ അതിസമ്പന്നരായ മലയാളികളുടെ പട്ടികയില്‍ മൂന്നാമതായി
ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്‍. രവി പിള്ളയെ പിന്തള്ളിയാണ് ബൈജു മൂന്നാംസ്ഥാനത്തെത്തിയത്. 3.6 ബില്യണ്‍ ഡോളറാണ് ആസ്തി.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയാണ്. ആഗോള തലത്തില്‍ 490 സ്ഥാനത്തുള്ള യൂസഫലിക്ക് 5.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ഇന്‍ഫോസിസിന്റെ എസ്. ഗോപാലകൃഷ്ണനാണ് രണ്ടാമത്, 4.1 ബില്യണ്‍ ഡോളര്‍.

രവി പിള്ളയാണ് നാലാം സ്ഥാനത്ത്: ആസ്തി 2.6 ബില്യണ്‍ ഡോളര്‍, എസ്. ഡി ഷിബുലാല്‍: 2.2 ബില്യണ്‍ ഡോളര്‍, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി: 2.1 ബില്യണ്‍ ഡോളര്‍, ജോയ് ആലുക്കാസ്: 1.9 ബില്യണ്‍ ഡോളര്‍, മുത്തൂറ്റ് കുടുംബം 1.4 ബില്യണ്‍ ഡോളര്‍ (ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ്ജ് തോമസ് മുത്തൂറ്റ്, സാറ ജോര്‍ജ്ജ് മുത്തൂറ്റ് 1.4 ബില്യണ്‍ വീതം).

ലോകത്തിലെ അതിസമ്പന്നരില്‍ ടെസ്ല കമ്പനി മേധാവി എലോണ്‍ മുസ്‌ക് 219 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഒന്നാമതെത്തി. ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മുസ്‌ക് ഒന്നാമതെത്തിയത്.

171 ബില്യണ്‍ ഡോളറുമായി ആമസോണ്‍ സിഇഒ ജെഫ് ബെസോസ് രണ്ടാമതെത്തിയപ്പോള്‍ ഫ്രഞ്ച് ഫാഷന്‍ രംഗത്തെ അതികായകര്‍ ബെര്‍നാഡ് അര്‍നോള്‍ട്ട് കുടുംബം 158 ബില്യണ്‍ ഡോളറുമായി പട്ടികയില്‍ മൂന്നാമതെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് 129 ബില്യണ്‍ ഡോളറുമായി നാലാമതെത്തിയപ്പോള്‍ നിക്ഷേപ ഗുരു വാറന്‍ ബഫറ്റ് 118 ബില്യണ്‍ ഡോളറുമായി ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ആഗോള തലത്തില്‍ 90.7 ബില്യണ്‍ ആസ്തിയോടെ പട്ടികയില്‍ പത്താമതാണ്. അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി 90 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പതിനൊന്നാമതാണ്.എച്ച്.സി.എല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ 28.7 ബില്യണ്‍ ഡോളര്‍, വാക്സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ സൈറസ് പൂനാവാല 24.3 ബില്യണ്‍ ഡോളര്‍, റീട്ടെയില്‍ ഫാഷന്‍ രംഗത്തെ രാധാകിഷന്‍ ദമാനി 20 ബില്യണ്‍ ഡോളര്‍ എന്നിവരാണ് ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ചവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here