ഒറ്റനോട്ടത്തിൽ കെനിയയിലെ ഉമോജ(Umoja) എന്ന കൊച്ചുഗ്രാമം ഒരു സാധാരണ ആഫ്രിക്കൻ ഗ്രാമമായി തോന്നാം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മണൽക്കാടുകളും, കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും, വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളും എല്ലാം ഒരു സാധാരണ ആഫ്രിക്കൻ ഗ്രാമത്തെ അനുസ്‍മരിപ്പിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു കാര്യത്തിൽ ഇത് തികച്ചും വ്യത്യസ്‍തമാണ്. ഒരുപക്ഷേ, ലോകത്തിലെ മറ്റേത് ഗ്രാമത്തെക്കാളും… ഈ ഗ്രാമത്തിൽ പുരുഷന്മാരില്ല എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത.
പുരുഷാധിപത്യ പാരമ്പര്യങ്ങൾക്ക് പേരുകേട്ടതാണ് ആഫ്രിക്ക. ആഫ്രിക്കയിൽ, സ്ത്രീകളെ ഒരു ചരക്കുവസ്‍തുവായിട്ടാണ് മിക്കപ്പോഴും കണക്കാക്കുന്നത്. ചിലയിടങ്ങളിലൊന്നും ഭൂമി വാങ്ങാനോ, വരുമാനത്തിനായി ഒരു ആടിനെ വാങ്ങാൻപോലും സ്ത്രീകൾക്ക് അധികാരമില്ല. എന്നാൽ, പുരുഷാധിപത്യത്തിന്‍റെ ആ ലോകത്ത്, അഭിമാനത്തോടെ തലയുയർത്തി നില്‍ക്കുകയാണ് സ്ത്രീകളുടെ മാത്രമായ ഉമോജ എന്ന കൊച്ചു ഗ്രാമം. ആ ഗ്രാമം, ചുറ്റും മുള്ളുവേലികെട്ടി പുരുഷന്മാരെ പടിക്ക് പുറത്ത് നിർത്തിയിരിക്കുകയാണ്.
ബലാത്സംഗങ്ങളും, ബാലവിവാഹവും ആഫ്രിക്കയിലെ നിത്യസംഭവമാണ്. ഇതൊന്നും പോരാതെ, സ്ത്രീകളുടെ ചേലാകര്‍മ്മം നടത്തുന്ന പ്രാകൃതമായ ആചാരവും അവിടെ പലയിടങ്ങളിലും ഒളിഞ്ഞുംതെളിഞ്ഞും ഇന്നും നിലനില്‍ക്കുന്നു. ഇത്തരം പീഡനങ്ങളിൽ മനംമടുത്ത അവിടുത്തെ സ്ത്രീകൾ, അവരുടെ ദുരിതങ്ങൾക്ക് ഒരറുതി കാണാൻ ആഗ്രഹിച്ചു. പുരുഷന്മാരെ ജീവിതത്തിൽനിന്നല്ല മറിച്ച്, അവരുടെ ലോകത്തിൽനിന്ന് തന്നെ പുറത്താക്കാൻ അവർ ഒരുങ്ങി.
അങ്ങനെ 1990 -ൽ പതിനഞ്ച് സ്ത്രീകൾ ചേർന്ന് സ്ത്രീകൾക്ക് മാത്രമായി ഒരു ഗ്രാമം തുടങ്ങി. റെബേക്ക ലോലോസോളി എന്ന സ്ത്രീയായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. നേരത്തെതന്നെ പ്രാദേശിക ബ്രിട്ടീഷ് സൈനികരില്‍നിന്നുമുള്ള പീഡനങ്ങളെ അതിജീവിച്ച സ്ത്രീകളായിരുന്നു ഇവിടെയുള്ളവര്‍. ഉമോജ ഇന്നും നിലനിൽക്കുന്നത് അതിന്‍റെ സവിശേഷമായ കാഴ്‍ച്ചപ്പാടൊന്നുകൊണ്ടു മാത്രമാണ്. പീഡനങ്ങൾ അനുഭവിക്കുന്ന ഗ്രാമീണ സ്ത്രീകൾക്ക് 26 വർഷമായി ഉമോജ ഒരു അഭയകേന്ദ്രമാണ്. ഇപ്പോൾ ഇത് കെനിയയിലുടനീളം സ്ത്രീശക്തിയുടെ ഉയർന്നുവരുന്ന ശബ്ദമായി മാറുകയാണ്.
എങ്കിലും ഈ സ്ത്രീകളുടെ ഗ്രാമത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഗ്രാമത്തിലെ പുരുഷന്മാര്‍ പ്രകടിപ്പിച്ചിരുന്നു. റെബേക്കയെ ഗ്രാമത്തില്‍ കയറിവന്ന് പുരുഷന്മാര്‍ പൊതിരെ തല്ലി. അവരെ ഭര്‍ത്താവ് അക്രമിക്കുന്ന അവസ്ഥ വരെയുണ്ടായി. മാത്രമല്ല, 2005 -ല്‍, ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് അവര്‍ക്കെതിരെ കേസ് വരെ കൊടുക്കുകയുണ്ടായി. തോക്കുപയോഗിച്ച് അവരെ ഭര്‍ത്താവ് അക്രമിക്കുകയും ചെയ്‍തു. പക്ഷേ, അവര്‍ തോറ്റ് പിന്മാറിയില്ല. സ്ത്രീകളുടെ ഗ്രാമം ശക്തമായി തന്നെ നിലകൊണ്ടു. ഇന്നു കാണുന്ന സ്ത്രീകളുടെ മാത്രം ഗ്രാമമായി അത് മാറിയതങ്ങനെയാണ്. ആ ഗ്രാമം പുരുഷന്മാര്‍ക്ക് സന്ദര്‍ശിക്കാം. എന്നാല്‍, അവിടെ താമസിക്കാന്‍ പുരുഷന്മാര്‍ക്ക് അനുവാദമില്ല. കുട്ടികള്‍ക്ക് മാത്രമാണ് അവിടെ താമസിക്കാനുള്ള അനുവാദം.
2015 -ലെ കണക്കുപ്രകാരം 47 സ്ത്രീകളും 200 കുട്ടികളും ഉമോജയിലുണ്ട്. തുടക്കസമയത്ത് ഭൂമി അവരുടെ കയ്യിലല്ലായിരുന്നുവെങ്കില്‍ ഇന്ന് അവരുടെ പേരില്‍ തന്നെയാണ് ഉമോജ. അവരവിടെ ഒരു പ്രൈമറി സ്‍കൂള്‍, സാംസ്‍കാരികകേന്ദ്രം, സംബുരു നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ക്കായി കാമ്പിംഗ് സൈറ്റുകള്‍ എന്നിവ നടത്തുന്നു. അതുപോലെ അവരുടേതായ ആഭരണങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. കൂടാതെ, ബാലവിവാഹം, ചേലാകര്‍മ്മം തുടങ്ങിയവയെക്കുറിച്ച് മറ്റ് ഗ്രാമത്തിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബോധവൽക്കരണപരിപാടികൾ നടത്തിവരുന്നുമുണ്ട് ഉമോജയിലെ സ്ത്രീകൾ.
അവിടെയുള്ള സ്ത്രീകളിലൊരാളാണ് ജെയിൻ. അവൾ ഒട്ടും ഓർക്കാൻ ഇഷ്‍ടപ്പെടാത്ത ഒരനുഭവമാണ് അവളെ ഇവിടെ എത്തിച്ചത്. ഒരു ദിവസം ഭർത്താവിന്‍റെ ആടുകളെ മേയ്‌ക്കാൻ പോയ അവളെ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഓടാതിരിക്കാൻ അവർ നിലത്തു തള്ളിയിട്ട്, അവളുടെ കാലുകളെ കല്ലുപയോഗിച്ച് അടിച്ചുപൊട്ടിച്ചു. ഇപ്പോഴും അതിന്‍റെ മുറിപ്പാട് അവളുടെ കാലുകളിൽ ആഴത്തിൽ പതിഞ്ഞ് കിടക്കുന്നത് കാണാം. “ഒടുവിൽ ദുഃഖം സഹിക്കാനാവാതെ ഈ കാര്യം ഞാനെന്‍റെ ഭർത്താവിനോട് പറഞ്ഞു. ഇതുകേട്ട അയാൾ എന്നെ ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു. ഞാൻ മക്കളോടൊപ്പം വീടുവിട്ടിറങ്ങി, ഒടുവിൽ ഇവിടെയെത്തി” ജെയിൻ പറഞ്ഞു. ഇന്നും അതിന്‍റെ വേദനയിൽ ജീവിക്കുകയാണ് അവൾ.
സമ്പുരു സംസ്‍കാരത്തില്‍ പലപ്പോഴും അച്ഛന്‍റെ പ്രായമായ ഒരു പുരുഷനെയാണ് മകളുടെ പങ്കാളിയായി ആദ്യം തെരഞ്ഞെടുക്കുക. കുറച്ചുകാലം അവർ സ്ത്രീയും പുരുഷനുമായി ജീവിക്കുന്നു. ഈ സമയത്ത് പക്ഷേ ഗർഭധാരണം നിരോധിച്ചിരിക്കുന്നു. അറിയാതെ എങ്ങാൻ കുട്ടി ഗർഭിണിയായാൽ അവളെ ഗർഭച്ഛിദ്രത്തിന് വിധേയമാക്കും. പെൺകുട്ടികൾക്ക് മിക്കപ്പോഴും 11 വയസ്സിന് താഴെയായിരിക്കും പ്രായം. എന്നാൽ, പങ്കാളിയായ ആണിനോ മിക്കവാറും അവളുടെ അച്ഛനെക്കാൾ പ്രായം കാണും. “ഒരു പെൺകുട്ടി ചെറുപ്രായത്തിൽ തന്നെ വിവാഹിതയായാൽ, ആ പെൺകുട്ടി പ്രസവസമയത്ത് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവരും. അവൾ ചെറുപ്പമായതിനാൽ പ്രസവസമയത്ത് രക്തസ്രാവവും, ചിലപ്പോൾ കീറലും എന്നുവേണ്ട ഒരുപാട് വേദനകൾ അനുഭവിക്കേണ്ടതായി വരും” ഉമോജയിലെ മിൽക്ക പറയുന്നു.
ഗ്രാമീണരെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു കച്ചവടമാണ്. സ്ത്രീകൾ കച്ചവടച്ചരക്കുകളും. പലപ്പോഴും പശുക്കൾക്കും, പണത്തിനും വേണ്ടി കുട്ടികളെ അവർ പ്രായമുള്ളവർക്ക് വിവാഹം ചെയ്‍തു കൊടുക്കുന്നു. ഉമോജയിലെ മറ്റൊരു നിവാസിയാണ് മെമുസി. വിവാഹത്തിന്‍റെ പിറ്റേദിവസം അവൾ ഭർത്താവിന്റെ വീട്ടിൽനിന്ന് ഓടിവന്നതാണ്. “എനിക്ക് 11 വയസ്സുള്ളപ്പോഴാണ് എന്‍റെ അച്ഛൻ പശുക്കൾക്കായി എന്നെ അയാൾക്ക് കച്ചവടം നടത്തിയത്” അവൾ പറഞ്ഞു. തന്‍റെ ഭർത്താവിന് 57 വയസ്സായിരുന്നുവെന്നും അവൾ കൂട്ടിച്ചേർത്തു.
ഇതിനെല്ലാം പുറമെ ശാരീരിക പീഡനങ്ങളും ഇവിടുത്തെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാറുണ്ട്. ഗ്രാമത്തിലുള്ളവർ മാത്രമല്ല, കെനിയയിൽ തമ്പടിച്ചിരിക്കുന്ന ബ്രിട്ടീഷ് പട്ടാളക്കാരും ഇവരെ ചൂഷണം ചെയ്യുന്നു. 30 വർഷമായി സ്ത്രീകളെ സൈനികർ കൂട്ടബലാത്സംഗം ചെയ്യുന്നു. വിറകോ, വെള്ളമോ ശേഖരിക്കാൻ പോകുമ്പോഴാണ് ഇത്തരം പീഡനങ്ങൾ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നത്.
എന്നിരുന്നാലും ഇപ്പോൾ ഉമോജയിലെ സ്ത്രീകൾക്ക് മനസ്സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാം. സ്ത്രീകളെ വെറും വിലകുറഞ്ഞവരായി കണക്കാക്കുന്ന ഒരു സമൂഹത്തിനുള്ള മറുപടിയാണ് ഉമോജയിലെ സ്ത്രീകൂട്ടായ്‍മ. ഇനിയുമുച്ചത്തിൽ അവരുടെ ശബ്‍ദം ലോകം മുഴുവൻ അലയടിക്കുന്ന ഒരു കാലം വരുമെന്ന് ഉമോജയിലെ സ്ത്രീകൾ വിശ്വസിക്കുന്നു. നിങ്ങൾക്കും ഈ ലോകത്തിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് ഓരോ സ്ത്രീകളെയും അവര്‍ ഓർമ്മിപ്പിക്കുന്നു. സമൂഹത്തിൽ പീഡനങ്ങളനുഭവിക്കുന്ന അനേകം സ്ത്രീകൾക്ക് ഒരു തണലായി ഇന്നും ഉമോജയുണ്ട്. അവിടെ പുരുഷന്മാരുടെ ഒരഭ്യാസവും നടക്കില്ല.