പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളും ആസൂത്രിതം; പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചു; അറസ്റ്റ് ഉടനെന്ന് എഡിജിപി

0
350

പാലക്കാട്: പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിലെ പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചെന്ന് എഡിജിപി വിജയ് സാഖറെ. ചിലര്‍ നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എഡിജിപി പറഞ്ഞു.

സുബൈര്‍ വധക്കേസില്‍ പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ കൊലപാതകത്തിലും പ്രതികളെക്കുറിച്ച് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

രണ്ടു കേസുകളും പ്രത്യേക സംഘങ്ങളാണ് അന്വേഷിക്കുന്നത്. രണ്ടു കേസുകളുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്നും വിജയ് സാഖറെ പറഞ്ഞു.

രണ്ടു കൊലപാതകങ്ങളും ആസൂത്രിതമാണ്. ആസൂത്രിത കൊലപാതകങ്ങള്‍ തടയുക ദുഷ്‌കരമാണ്. മുന്‍കൂട്ടി അറിഞ്ഞാല്‍ തടയാന്‍ പറ്റും. പക്ഷെ കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകങ്ങള്‍ മുന്‍കൂട്ടി അറിയാനാകില്ല. ഇതില്‍ പൊലീസിന്റെ ഭാഗത്തു വീഴ്ച വന്നു എന്നു പറയാനാകില്ലെന്നും എഡിജിപി പറഞ്ഞു.

രണ്ട് കൊലപാതകങ്ങളിലും ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നിലെ സൂത്രധാരന്മാരെ പൊലീസ് കണ്ടുപിടിക്കും. കൊലപാതകം നടത്തിയവര്‍ വെറും കാലാള്‍പ്പടകള്‍ മാത്രമാണ്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഏതാനും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും എഡിജിപി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here