ന്യൂഡല്‍ഹി: രാമനവമി ആഘോഷങ്ങള്‍ക്കിടെ, ഉത്തരേന്ത്യയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ആര്‍എസ്എസിന് എതിരെ സിപിഎം. ആഘോഷങ്ങളെ വര്‍ഗീയ രാഷ്ട്രീയത്തിനായി ആര്‍എസ്എസും സംഘപരിവാറും ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
കല്ലേറും അക്രമവും ന്യൂനപക്ഷങ്ങള്‍ താമസിക്കുന്നിടത്താണ് അരങ്ങേറിയത്. മധ്യപ്രദേശിലെ ഖാര്‍ഗോണിലാണ് ആദ്യത്തെ അക്രമം റിപ്പോര്‍ട്ട് ചെയ്ത്ത്. ഡല്‍ഹി കലാപത്തിനു മുന്നോടിയായി വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ശര്‍മയുടെ പ്രദേശം കൂടിയാണ് എന്നതിനാല്‍ ഇതില്‍ അത്ഭുതമില്ല. ബീഹാറിലെ മുസ്ലിം പള്ളി ആക്രമിക്കപ്പെട്ടത് പൊലീസ് നോക്കിനില്‍ക്കേയാണ്. മാംസാഹാരം വിലക്കിയ എബിവിപിക്കാര്‍ ജെഎന്‍യു കക്യാമ്പസിലും അക്രമം അഴിച്ചുവിട്ടു. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് മധ്യപ്രദേശിലെയും ബീഹാറിലെയും ഗുജറാത്തിലെയും സര്‍ക്കാരുകള്‍ പിന്തുണ നല്‍കിയോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുന്നറിയിപ്പുണ്ടായിരുന്നിട്ടും മതിയായ സുരക്ഷയൊരുക്കാത്തത് ഇതിനുള്ള തെളിവാണ്.
ഇതിനിടെ നിയമവാഴ്ചയെ നോക്കുകുത്തിയാക്കി മധ്യപ്രദേശില്‍ അക്രമം നടത്തിയെന്ന് ഭരണകൂടം ആരോപിക്കുന്നവരുടെ വീടും ഇടിച്ചുനിരത്തി. ഇത് ഭരണഘടനയെ തകര്‍ക്കുന്നതിന് തുല്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമേദി അക്രമങ്ങളില്‍ മൗനം തുടരുന്നത് ഭരണകൂടത്തിന്റെ പിന്തുണയ്ക്കും തെളിവാണ്. എല്ലാ വിഭാഗം ആളുകളും സമാധാനം പാലിക്കണമെന്നും വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.