തന്‍റെ ഒല സ്‍കൂട്ടര്‍ കത്തിച്ച് ഉടമ പറയുന്നു: “ആരോടും ഇങ്ങനൊന്നും ചെയ്യരുത് സാറേ..”! ( വീഡിയോ)

0
369

രാജ്യത്തെ വാഹന വിപണിയിലേക്ക് ഒരു തരംഗമായി അലയടിച്ചെത്തിയ ഒരു ഇലക്ട്രിക്ക് സ്‍കൂട്ടര്‍ കമ്പനിയാണ് ഒല. എന്നാല്‍ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി നിരാശരായവരുടെ പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ ഒരു ഒല ഉടമ തകരാറിലായ ഒലയുടെ എസ്1 ഇലക്ട്രിക് സ്‌കൂട്ടര്‍ കഴുതയെ ഉപയോഗിച്ച് കെട്ടിവലിച്ചാണ് പ്രതിഷേധിച്ചതെങ്കില്‍, തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം ഒരു ഒല ഉടമ നടത്തിയ പ്രതിഷേധം അല്‍പ്പം കൂടി ഞെട്ടിപ്പിക്കുന്നതാണ് എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ഒല സ്‌കൂട്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചാണ് തമിഴ്‌നാട്ടിലെ ഉപയോക്താവ് പ്രതിഷേധം രേഖപ്പെടുത്തിയത്.

തമിഴ്‌നാട്ട് സ്വദേശിയായ പൃഥ്വിരാജാണ് തന്‍റെ മൂന്നുമാസം മാത്രം പഴക്കമുള്ള വാഹനം അഗ്നിക്ക് ഇരയാക്കിയത്. പുതിയ സ്‌കൂട്ടറിന്റെ സാങ്കേതികവും പ്രകടനപരവുമായ പ്രശ്‌നങ്ങൾ കാരണമാണ് ഉടമ ഈ കടുംകൈ ചെയ്‍തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ജനുവരിയിലാണ് പൃഥ്വിരാജ് ഈ സ്‍കൂട്ടർ വാങ്ങിയത്. എന്നാൽ തുടക്കംമുതല്‍ കല്ലുകടി തുടങ്ങി. രജിസ്ട്രേഷൻ നടപടികൾ ഒല സുഗമമാക്കിയില്ല. ഏപ്രിലിൽ, അമ്പൂരിലെ വീട്ടിൽ നിന്ന് 100 കിലോമീറ്ററിലധികം അകലെയുള്ള ടൗണിൽ രജിസ്ട്രേഷൻ നടക്കുമെന്ന് ഒല സ്ഥിരീകരിച്ചു. രജിസ്‌ട്രേഷൻ ഓഫീസിലെത്തിയപ്പോൾ അധികാരപരിധിയിലെ പ്രശ്‌നങ്ങൾ പറഞ്ഞ് മടക്കി.

പിന്നാലെ വാഹനത്തിന് കമ്പനി ഉറപ്പുനല്‍കിയ റേഞ്ച് ലഭിക്കാതിരിക്കുകയും പ്രകടനത്തില്‍ വലിയ കുറവുണ്ടാകുകയും ചെയ്‍തു. ഇതോടെ ഉടമ അസ്വസ്ഥനായി എന്നാണ് റിപ്പോള്‍ട്ട്.  തകരാറിന്റെ വിവരം പലതവണ നിര്‍മാതാക്കളെ അറിയിച്ചപ്പോള്‍ അത് പരിശോധിക്കുകയും യാതൊരു പ്രശ്‌നവുമില്ലെന്ന് അറിയിക്കുകയുമായിരുന്നു. മൂന്ന് തവണ വാഹനത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയപ്പോഴും ഒലയുടെ പ്രതികരണം ഇതായിരുന്നെന്നാണ് സൂചന.

ഒടുവില്‍ കഴിഞ്ഞ ദിവസം ആര്‍ടിഓഫീസിൽ നിന്ന് മടങ്ങുമ്പോൾ പാതി വഴിയിൽ സ്‌കൂട്ടർ വീണ്ടും തകരാറിലായി. വീണ്ടും അദ്ദേഹം ഒല കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ടപ്പോൾ, ഏഴ് മുതൽ എട്ട് മണിക്കൂറിനകം സഹായം ലഭിക്കുമെന്ന് കമ്പനി പറഞ്ഞു.  ഇതോടെ നിരാശനായ പൃഥ്വിരാജ് തന്റെ സുഹൃത്തുക്കളെ വിളിച്ച് രണ്ട് ലിറ്റർ പെട്രോൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. സുഹൃത്തുക്കൾ സ്ഥലത്തെത്തിയപ്പോൾ ഉടമ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്‍കൂട്ടറിന് തീയിട്ടു. ഈ ദൃശ്യം കണ്ട് നിന്ന ആളുകളാണ് സ്‌കൂട്ടര്‍ കത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സീറ്റ് ഉള്‍പ്പെടെയുള്ളത് തുറന്ന ശേഷം പെട്രോള്‍ ഒഴിച്ച് സ്‌കൂട്ടറിന് തീ വയ്ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

കമ്പനി നിര്‍ദേശിച്ചിട്ടുള്ള സമയമെടുത്ത് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്തിട്ടും വെറും 44 കിലോമീറ്റര്‍ മാത്രമാണ് യാത്ര ചെയ്യാന്‍ സാധിച്ചതെന്നായിരുന്നു ഉടമയുടെ ഏറ്റവുമൊടുവിലെ പരാതി. ഈ ആഴ്ചയില്‍ തന്നെ അദ്ദേഹത്തിന്റെ സ്‌കൂട്ടറിനുണ്ടാകുന്ന രണ്ടാമത്തെ പ്രശ്‌നമായിരുന്നു ഇത്. തുടര്‍ച്ചയായി ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നും വാഹനത്തിന് തീയിടുന്നത് ഉള്‍പ്പെടെയുള്ള പ്രതിഷേധത്തിലേക്ക് എത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. ഇതാണ് വാഹനം കത്തിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍.

ഒന്നരലക്ഷം രൂപ നഷ്‍ടപ്പെട്ടതിൽ തനിക്ക് പശ്ചാത്താപമില്ലെന്നും എന്നാൽ പാവപ്പെട്ടവർ ഈ ഉൽപ്പന്നത്തിൽ വീഴരുതെന്നും പൃഥ്വി പറയുന്നു. ഒല ഇലക്ട്രിക്കിന്റെ സ്ഥാപകനായ ഭവിഷ് അഗർവാളിന് ശക്തമായ സന്ദേശം അയക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here