തണ്ണിമത്തന്‍ ഇഷ്ടമാണോ? എങ്കിലും അധികം കഴിക്കല്ലേ…

0
610

വേനലാകുമ്പോള്‍ പഴങ്ങള്‍ക്കെല്ലാം ‘ഡിമാന്‍ഡ്’ കൂടുതലായിരിക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ശരീരത്തിന്റെ താപനില നിയന്ത്രിച്ച് തണുപ്പ് അനുഭവപ്പെടുന്നതിനും ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുമെല്ലാം പഴങ്ങള്‍ സഹായകമാണ്. ഇക്കൂട്ടത്തില്‍ തന്നെ ചില പഴങ്ങള്‍ക്ക് കൂടുതല്‍ ‘ഡിമാന്‍ഡ്’ ഉണ്ടാകാറുണ്ട്.

അത്തരത്തിലൊന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ഇഷ്ടമില്ലാത്തവര്‍ തന്നെ കുറവായിരിക്കും. പ്രത്യേകിച്ച് ചൂടുകാലത്ത് ഇത് നല്‍കുന്ന ആശ്വാസം ചെറുതല്ല. തണ്ണിമത്തന് ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. ഒന്നാമതായി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കാര്യമായി ആശ്രയിക്കുന്നൊരു പഴം കൂടിയാണ് തണ്ണിമത്തന്‍.

ഇതില് കലോറി കുറവാണെന്നതിനാലാണ് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഇത് തെരഞ്ഞെടുത്ത് കഴിക്കുന്നത്. 100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. 0.6 ഗ്രാം പ്രോട്ടീന്‍, 7.6 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 6.2 ഗ്രാം ഷുഗര്‍, 0.4 ഗ്രാം ഫൈബര്‍ എന്നിവയും അടങ്ങിയിരിക്കുന്നു.

തീര്‍ച്ചയായും ഫൈബറിന്റെ അളവ് തണ്ണിമത്തനില്‍ കുറവാണ്. അതിനാല്‍ തന്നെ ഡയറ്റില്‍ തണ്ണിമത്തന്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഫൈബര്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ കൂടി ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രമിക്കുക. എന്തായാലും 91 ശതമാനവും വെള്ളത്താല്‍ നിറഞ്ഞിരിക്കുന്ന ഈ ഫലം കഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം ഉയര്‍ത്താന്‍ തന്നെയാണ് ഏറെയും സഹായകമാവുക.

വൈറ്റമിന്‍-സി, പൊട്ടാസ്യം, കോപ്പര്‍, വൈറ്റമിന്‍- ബി5, വൈറ്റമിന്‍- എ, സിട്രുലിന്‍, ലൈസോപീന്‍ എന്നിങ്ങനെ ശരീരത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന പല ഘടകങ്ങളുടെയും കലവറയാണ് തണ്ണിമത്തന്‍. ഇതിന്റെ അകക്കാമ്പിലെ ചുവന്ന ഭാഗത്തിന് തൊട്ട് പുറത്തായി വരുന്ന വെളുത്ത ഭാഗത്തിലാണ് സിട്രുലിന്‍ അടങ്ങിയിരിക്കുന്നത്. ഇത് പിന്നീട് ‘അര്‍ജിനൈന്‍’ എന്ന അമിനോ ആസിഡായി മാറുന്നുണ്ട്. ഇത് ശ്വാസകോശം, വൃക്കകള്‍, കരള്‍ എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനത്തിനും പ്രത്യുത്പാദന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിനുമെല്ലാം സഹാകമാകുന്നതാണ്.

അതുപോലെ തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ലൈസോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ബിപി നിയന്ത്രിക്കുന്നതിനുമെല്ലാം സഹായകമാണ്. ഇത് പരോക്ഷമായി ഹൃദയാരോഗ്യത്തെയും സുരക്ഷിതമാക്കി നിര്‍ത്തുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ ഒരു പഠനം ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. ഇതിന് പുറമെ സിട്രുലിനും ബിപി കുറയ്ക്കാന്‍ സഹായിക്കുമത്രേ. ഇതും ഹൃദയത്തിന് നല്ലത് തന്നെ.

പക്ഷേ കാര്യങ്ങളിങ്ങനെ ആണെങ്കിലും തണ്ണിമത്തന്‍ അമിതമായി കഴിക്കുന്നത് അത്ര നല്ലതല്ല. പതിവായി അധിക അളവില്‍ തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ ആവശ്യമായതിനും അധികം ജലാംശം നിലനില്‍ക്കുന്നു. ഇത് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ശാരീരികാസ്വസ്ഥതകള്‍ക്കും കാരണമാകാം.

ക്രമേണ കരള്‍ പ്രശ്‌നം, ഷുഗര്‍ നില കൂടുന്ന അവസ്ഥ, ദഹനപ്രശ്‌നം തുടങ്ങി ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് വരെ ഇത് നയിക്കാം. അതിനാല്‍ മിതമായ അളവില്‍ മാത്രം ഇത് കഴിച്ചാല്‍ മതി. എപ്പോഴും ഭക്ഷണത്തിന് പകരമായി തണ്ണിമത്തന്‍ കഴിക്കുന്നവരുണ്ട്. കുറഞ്ഞത് ദിവസത്തില്‍ ഒരിക്കലെങ്കിലും ഇത് അത്ര നല്ല രീതിയല്ല. വിശപ്പ് അടങ്ങാനും മാത്രം തണ്ണിമത്തന്‍ ദിവസവും കഴിക്കുമ്പോള്‍ അത് അളവിലും അധികമാകാം. ഇക്കാര്യം നാം തിരിച്ചറിയാതെ പോവുകയും ചെയ്യാം. അത്തരം സങ്കീര്‍ണതകളൊഴിവാക്കാന്‍ സൂക്ഷ്മതയോടെ മുന്നോട്ടുപോകാം.

LEAVE A REPLY

Please enter your comment!
Please enter your name here