‘ജീവിച്ചിരിക്കാന്‍ ധൈര്യപ്പെടുന്ന മുസ്ലിങ്ങളെ ബിജെപി ശിക്ഷിക്കുന്നു’; ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കലിനെതിരെ ഉവൈസി

0
227

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ ആള്‍ ഇന്ത്യ മജ്‌ലിസ്- ഇ- ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി. ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പങ്ക് എന്താണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു. പൊലീസ് തങ്ങളുടെ നിയന്ത്രണത്തിലല്ല എന്ന അദ്ദേഹത്തിന്റെ സ്ഥിരം പല്ലവി ഇക്കാര്യത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പാവപ്പെട്ടവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. ജീവിച്ചിരിക്കുന്നു എന്ന കാരണത്താല്‍ മുസ്ലിങ്ങളെ ശിക്ഷിക്കുകയാണ് ഇവര്‍. ഇക്കാര്യത്തില്‍ കെജ്രിവാള്‍ തന്റെ പങ്ക് വ്യക്തമാക്കണം. ഇത്തരമൊരു ചതിക്കും ഭീരുത്വത്തിനുമാണോ ജഹാംഗീര്‍പുരിയിലെ ജനങ്ങള്‍ മുഖ്യമന്ത്രിക്ക് വോട്ട് ചെയ്തത്. ഇത് നിരാശാജനകമായ സാഹചര്യമാണെന്നും ഉവൈസി പറഞ്ഞു.

ബിജെപി ഭരിക്കുന്ന നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റേതാണ് ഒഴിപ്പിക്കല്‍ നടപടി. ഒഴിപ്പിക്കലിനായി 400 പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ആവശ്യമാണെന്ന് കോര്‍പ്പറേഷന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവിടെ പൊലീസ് പ്രവര്‍ത്തിക്കുന്നത്. അനധികൃത കയ്യേറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ഒഴിപ്പിക്കണമെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് കോര്‍പ്പറേഷന്‍ മേയറോട് ആവശ്യപ്പെട്ടിരുന്നു. ജഹാംഗീര്‍പുരി ഉള്‍പ്പെടുന്നത് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലാണ്.

അസദുദ്ദീന്‍ ഉവൈസിയുടെ വാക്കുകള്‍:

ഏറ്റവും പാവപ്പെട്ടവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. കയ്യേറ്റങ്ങളുടെ പേരില്‍ ഉത്തര്‍പ്രദേശിലേയും മധ്യപ്രദേശിലേയും പോലെ വീടുകള്‍ തകര്‍ത്തുകളയാനാണ് ഡല്‍ഹിയിലേയും ശ്രമം. നോട്ടീസില്ല, കോടതിയില്‍ പോകാനുള്ള സാവകാശമില്ല, ജീവിച്ചിരിക്കാന്‍ മാത്രം ധൈര്യം കാണിക്കുന്ന സാധാരണക്കാരായ മുസ്ലിങ്ങളെ ശിക്ഷിക്കുകയാണ്. ഇക്കാര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ തന്റെ പങ്ക് എന്തെന്ന് വ്യക്തമാക്കണം.

അദ്ദേഹത്തിന്റെ പൊതുമരാമത്ത് വകുപ്പും ഈ ഉന്മൂലന നടപടിയുടെ ഭാഗമാണോ? ഇത്തരമൊരു ചതിക്കും ഭീരുത്വത്തിനുമാണോ ജഹാംഗീര്‍പുരിയിലെ ജനങ്ങള്‍ അദ്ദേഹത്തിന് വോട്ട് ചെയ്തത്? പൊലീസ് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന അദ്ദേഹത്തിന്റെ സ്ഥിരം പല്ലവി ഇവിടെ വിലപ്പോവില്ല.

 

ഈ നീക്കത്തിന് നിയമസാധുതയോ ധാര്‍മ്മികതയോ ഇല്ല. നിരാശാജനകമായ സാഹചര്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here