അമരാവതി∙ ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ട്രെയിനിടിച്ച് ആറു പേർ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗുവാഹത്തി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് കൊണാർക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചു മരിച്ചത്.
ദൃക്സാക്ഷികൾ പറയുന്നത് പ്രകാരം, ബത്വവയിൽ എത്തിയപ്പോൾ ഗുവാഹത്തി ട്രെയിനിന്റെ കോച്ചിൽനിന്നു പുക ഉയരുന്നതു കണ്ട് ചെയിൻ വലിച്ചശേഷം ഇറങ്ങി പരിശോധിച്ചവരാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ ട്രാക്കിൽനിന്നപ്പോൾ എതിർദിശയിൽനിന്നു കൊണാർ എക്സ്പ്രസ് വന്ന് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
മരിച്ചവരിൽ രണ്ടു പേർ അസം സ്വദേശികളാണെന്നു റെയിൽവേ പൊലീസ് അധികൃതർ അറിയിച്ചു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. റെയിൽവേ, ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.