ആറ് വർഷം മുമ്പ് ‘ കൊല്ലപ്പെട്ടയാൾ’ ജീവനോടെ തിരികെ എത്തിയതിനെ തുടർന്ന് കൊലയാളികളാക്കപ്പെട്ടവരെ വെറുതേ വിട്ട് കോടതി. ഗുജറാത്തിലെ നവ്സരി ഗ്രാമത്തിലാണ് സംഭവം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ഇരുവർക്കും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. അലംഭാവത്തോടെയുള്ള ഇത്തരം അന്വേഷണ രീതികൾ അനുവദിക്കാനാവാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2016 ലാണ് നഗുലാൽ ഗായത്രി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ മദൻ പിപ്ലഡി, സുരേഷ് ബട്ടേല എന്നിവർ അറസ്റ്റിലായത്. പൊലീസ് കണ്ടെത്തിയ അജ്ഞാത മൃതദേഹം നഗുലാലിന്റേതാണെന്ന് വീട്ടുകാരും സ്ഥിരീകരിച്ചിരുന്നു. നഗുലാലിനൊപ്പം ഫാക്ടറിയിൽ ജോലി ചെയ്തിരുന്നവരാണ് മദനും സുരേഷും. ജോലി സ്ഥലത്തെ വൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. നൈലോൺ നൂലുപയോഗിച്ച് കഴുത്തറുത്ത് കൊന്നുവെന്നും പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നു. കേസിന് ബലം പകരുന്നതിനായി 19 സാക്ഷികളെയും 35 തെളിവുകളും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
അടുത്തയിടെയാണ് നഗുലാൽ അയൽഗ്രാമത്തിൽ താമസിക്കുന്നുണ്ടെന്ന് ബന്ധുക്കൾ അറിഞ്ഞത്. ഇവർ വിവരം ഉടൻ തന്നെ പൊലീസിലും അറിയിച്ചു. അന്വേഷിച്ചെത്തിയപ്പോൾ കേട്ട കഥ വീട്ടുകാരെയും ഞെട്ടിച്ചു. 2016 ല്‍ ഒരു ദിവസം രാത്രി വിശന്നപ്പോൾ മദന്റെ വീട്ടിലെ അടുക്കളയിൽ താൻ കയറിയെന്നും മദന്റെ ഭാര്യ എഴുന്നേറ്റ് തന്നെ കണ്ടെന്ന് തോന്നിയതോടെ പിന്നീടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഓർത്ത് നാടുവിടുകയായിരുന്നുവെന്ന് നഗുലാൽ പൊലീസിനോട് വെളിപ്പെടുത്തി. നഗുലാൽ ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയതോടെ പ്രതിഭാഗം അഭിഭാഷകർ സംഭവം കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പ്രതികളായി മുദ്രകുത്തപ്പെട്ടിരുന്ന മദനെയും സുരേഷിനെയും കോടതി വെറുതേ വിട്ടത്. രണ്ട് പേർക്കും അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദ്ദേശിച്ചു.